മേഖലയെ പുതുതലമുറ കൈവിടുന്നു; തയ്യല്‍ തൊഴിലാളികളോട് സര്‍ക്കാര്‍ അവഗണന

Thursday 16 February 2017 6:56 pm IST

കണ്ണൂര്‍: തുന്നല്‍ തൊഴിലാളികളോട് സര്‍ക്കാര്‍ അവഗണന. അംശാദായം അടച്ച് പെന്‍ഷന്‍ പറ്റുന്നവരുടെ പെന്‍ഷന്‍ വിതരണം ചെയ്തിട്ട് അഞ്ച് മാസം പൂര്‍ത്തിയാകുന്നു. തൊഴിലാളികള്‍ ദുരിതതത്തില്‍. തുന്നല്‍ തൊഴില്‍ മേഖലയോട് സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണന കാരണം ഈ മേഖലയിലേക്ക് തൊഴിലാളികള്‍ കടന്നുവരാന്‍ മടിക്കുന്നതായി തൊഴിലാളികള്‍. വേതനത്തിന്റെ കാര്യത്തില്‍ മുതല്‍ അംശാദയം അടക്കല്‍, പെന്‍ഷന്‍ തുടങ്ങി സകല കാര്യങ്ങളിലും തുന്നല്‍ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. മറ്റ് തൊഴിലുകള്‍ക്ക് വൈകുന്നേരംവരെ ജോലി ചെയ്താല്‍ 800 രൂപവരെ കൂലി ലഭിക്കുമ്പോള്‍ നിശ്ചിത സമയത്തിലും കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലി മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. അംശാദയം ഏതാനും മാസം മുമ്പുവരെ ക്ഷേമനിധി ഓഫീസുകളിലായിരുന്നു അടച്ചിരുന്നതെങ്കില്‍ നിലവില്‍ ബാങ്കുകളില്‍ അടയ്ക്കണമെന്ന നിബന്ധന വന്നതോടെ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോള്‍ അക്ഷയ വഴി ബാങ്കിലടയ്ക്കാന്‍ തൊഴിലാളികല്‍ ബുദ്ധിമുട്ടുകയാണ്. അക്കൗണ്ടുളള ബാങ്കുകളിലൂടെ അംശാദായം അടയ്ക്കാന്‍ കഴിയുന്നില്ല. സാങ്കേതികത്വം ചൂണ്ടിക്കാട്ടി അക്കൗണ്ടുളള ബാങ്കുകള്‍ മടക്കി അയക്കുകയാണെന്നാണ് പരാതി. ക്ഷേമനിധി ഓഫീസ് വഴി അംശാദായം അടയ്ക്കുന്ന രീതി പുനസ്ഥാപിക്കുകയോ അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരിട്ടടയ്ക്കുകയോ ചെയ്യാനുളള സൗകര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അംശാദായം അടച്ച് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ ഒന്നിലധികം വാങ്ങുന്നുണ്ടോയെന്ന പരിശോധിക്കുന്നതിനാലാണ് പെന്‍ഷന്‍ വിതരണം ചെയ്യാത്തതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ പ്രായാധിക്യം കാരണം പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ നിത്യച്ചെലവിനു പോലും പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഒരുവിഭാഗം തൊഴിലാളികള്‍. കൂടാതെ പുതുതായി പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് ഉത്തരവ് വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നിരവധി പേര്‍ക്ക് ഇനിയും പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു . തയ്യല്‍ തൊഴില്‍ മേഖലയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ തയ്യല്‍ തൊഴിലിനെ അക്കാദമിക്ക് തലത്തില്‍ ഉയര്‍ത്തി പാഠ്യവിഷയമാക്കി ഡിഗ്രി, ഡിപ്ലോമ അംഗീകാര വിഷയമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തയ്യല്‍ തൊഴിലാളികള്‍കക്കും ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കണമെന്നും റിട്ടയര്‍മന്റ് ആനുകൂല്യം വര്‍ദ്ധിപ്പിക്കുക, മിനിമം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സര്‍വ്വീസ് അനുസരിച്ച് വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ അനുവദിക്കുക, സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുക, മരണാനന്തര ധനസഹായം 50000 രൂപയായി വര്‍ദ്ധിപ്പിക്കുക, നികുതി അടക്കാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങളുടെ മേല്‍ പ്രത്യേക നികുതി ചുമത്തി അതില്‍ നിന്നുളള വരുമാനം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് മുതല്‍കൂട്ടുക തുടങ്ങിയ വിവിധ ആവശ്യങ്ങളും തയ്യല്‍ തൊഴിലാളികളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.