കണ്ണൂര്‍: 2016-17 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പയ്യന്നൂര്‍ പൈതൃകഗ്രാമ പദ്ധതിയുടെ പ്രാഥമിക പദ്ധതിരേഖ പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സര്‍ക്കാറിന് സമര്‍പ്പിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച പഠനപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മൂന്നു മാസമായി നടന്നു വരികയായിരുന്നു.
സി.കൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ വിനോദസഞ്ചാര വകുപ്പ്, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ എന്നിവയുടെ പ്രതിനിധികള്‍, കലാസാംസ്കാരിക പ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്, നാട്ടറിവ് വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക രേഖ തയ്യാറാക്കിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി ഉപ്പ് കുറുക്കല്‍ സമരം നടത്തിയ ഉളിയത്ത് കടവ്, ഗാന്ധി ഖാദി മ്യൂസിയം, ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി സ്ഥാപിച്ച പയ്യന്നൂര്‍ പോലിസ് സ്റ്റേഷന് ഉള്‍പ്പെടെയുളള പൗരാണിക കെട്ടിടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. വെങ്കല ഗ്രാമമായ പടോളി, കുഞ്ഞിമംഗലം, പ്രസിദ്ധമായ പയ്യന്നൂര്‍ പവിത്ര മോതിരം, കൃഷ്ണശില്പ്പങ്ങളുടെ കേന്ദ്രമായ കാരന്തോട് ശില്‍പ്പഗ്രാമം എന്നിവയുടെ വിപുലീകരണവും പദ്ധതിയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: