ബോഡിമെട്ടില്‍ കഞ്ചാവ് വേട്ട ശക്തം; ഒന്നരമാസത്തിനിടെ പിടിയിലായത് 27 പേര്‍

Sunday 18 June 2017 1:28 am IST

ബോഡിമെട്ട് ചെക്ക് പോസ്റ്റ്‌

ഇടുക്കി: ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ 2017 ല്‍ ഒന്നരമാസത്തിനിടെ 19 കഞ്ചാവ് കേസുകളിലായി പിടിയിലായത് 27 പേര്‍. ഇതില്‍ ഭൂരിഭാഗവും 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. ആകെ പിടികൂടിയത് രണ്ട് കിലോ കഞ്ചാവാണെങ്കിലും കടത്താന്‍ ഉപയോഗിച്ച 8 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ കൂടുതലും എറണാകുളം, കോട്ടയം ജില്ലക്കാരാണ്. രണ്ടാഴ്ച മുമ്പ് ചെക്ക് പോസ്റ്റ് കടത്താന്‍ ശ്രമിച്ച നിരോധിച്ച രണ്ട് ലക്ഷം രൂപയുടെ നോട്ടുകളും പിടികൂടിയിരുന്നു.

കേസുകളില്‍ അവസാനം പിടിയിലായത് ഒരേ സംഘത്തില്‍പ്പെട്ട പന്ത്രണ്ട് പേരടങ്ങുന്ന കോട്ടയം, എറണാകുളം സ്വദേശികളാണ്. രണ്ട് ദിവസങ്ങളിലായി ചെക്ക് പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വീട്ടില്‍ നിന്നു സുഹൃത്തിന്റെ വിവാഹത്തിന് പോകുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിയ ഇവര്‍ കമ്പത്തെത്തി കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റ് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ കോട്ടയം സ്വദേശികളായ നാല് പേര്‍ക്കെതിരെ കുമളി ചെക്ക് പോസ്റ്റില്‍ മുമ്പ് കേസ് ഉള്ളതാണ്. ഇതേ തുടര്‍ന്നാണ് ഇവര്‍ ബോഡിമെട്ട് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

കേസില്‍പ്പെട്ടാല്‍ രക്ഷിക്കുമെന്ന ഉറപ്പില്‍, കടത്തുന്നതിന് പണവും ഉപയോഗത്തിന് കഞ്ചാവും നല്‍കിയാണ് ചെറുപ്പക്കാരെ വലയിലാക്കുന്നത്.

കോട്ടയം, എറണാകുളം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന മുഖ്യകണ്ണികളായ മൂന്ന് പേരെ എക്‌സൈസ് കേസുമായി ബന്ധപ്പെട്ട് അന്വേഷിച്ച് വരികയാണ്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

ഉടുമ്പന്‍ചോല സര്‍ക്കിള്‍, റേഞ്ച് സംഘങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന. ബോഡിമെട്ട് ചെക്ക് പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീകുമാര്‍, ഉദ്യോഗസ്ഥരായ ദീപുകുമാര്‍, ജലീല്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഭൂരിഭാഗം കേസുകളും പിടികൂടിയത്. പരിശോധന ശക്തമായതോടെ ജില്ലയിലെ പ്രധാന ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലൂടെയുള്ള കഞ്ചാവ് കടത്തിന് കുറവ് വന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.