സഹകരണ ബാങ്ക് ക്രമക്കേട്; ഭരണസമിതികള്‍ പിരിച്ചുവിടാത്തതില്‍ സിപിഎമ്മില്‍ അതൃപ്തി

Sunday 18 June 2017 1:26 am IST

ആലപ്പുഴ: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ ക്രമക്കേട് നടത്തിയ ജീവനക്കാരെ സംരക്ഷിക്കുന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാടില്‍ പാര്‍ട്ടിയില്‍ അസംതൃപ്തി. ജില്ലയിലെ അര ഡസനോളം കോണ്‍ഗ്രസ് ഭരണ ബാങ്കുകളിലെ അഴിമതി പുറത്തായിട്ടും ഒരിടത്തെ ഭരണസമിതി പോലും പിരിച്ചുവിടാന്‍ കഴിയാത്തത് ജില്ലയില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ക്രമക്കേടിനെത്തുടര്‍ന്ന് സ്ഥലം മാറ്റിയ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവി തല്‍സ്ഥാനത്ത് തുടരുന്നതും സഹകരണ വകുപ്പിനുതന്നെ നാണക്കേടായി. കോട്ടയത്തേക്ക് സ്ഥലംമാറ്റിയിട്ടും ഇതുവരെ ഇവര്‍ പോകാന്‍ കൂട്ടാക്കിയിട്ടില്ല. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അഴിമതിക്കെതിരെ ലഭിച്ച വന്‍ ജനപിന്തുണ മറക്കരുതെന്നും, ഇപ്പോള്‍ പാര്‍ട്ടിക്കുണ്ടായ നാണക്കേട് പരിഹരിക്കാന്‍ ഭരണസമിതി ഉടന്‍ പിരിച്ചുവിടണമെന്നും ആവശ്യമുയര്‍ന്നു. സഹകരണ വകുപ്പിനെ കൊണ്ട് ഫലപ്രഥമായി നടപടി എടുപ്പിക്കാന്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടു. ഈയാഴ്ച പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനാണ് തീരുമാനം. സഹകരണ ബാങ്ക് ജീവനക്കാരില്‍ പലരുടെയും ഭൂമി, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഇപ്പോഴത്തെ അന്വേഷണസംഘം വിമുഖത കാണിക്കുകയാണ്. കോണ്‍ഗ്രസ് ഭരണസമിതിയുടെ അഴിമതികള്‍ക്ക് പാര്‍ട്ടി നേതൃത്വം കൂട്ടുനില്‍ക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍. ബാങ്കിന്റെ തഴക്കര ശാഖാ മാനേജരെ ദേവസ്വം അംഗമാക്കാമെന്ന് ജില്ലാ സെക്രട്ടറി ഉറപ്പു നല്‍കിയതിനെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെടും. ദേവസ്വം അംഗത്വ വാഗ്ദാനം നല്‍കി ലക്ഷക്കണക്കിനു രൂപ സിപിഎം പിരിച്ചെടുത്തതായും ഡിസിസി പ്രസിഡന്റും നേരത്തെ ആരോപിച്ചിരുന്നു. എ.സി. മൊയ്തീന്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ ജില്ലാ നേതൃത്വത്തിന്റെ ചില ആവശ്യങ്ങള്‍ നിരാകരിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ മൊയ്തീന് പാര്‍ട്ടിനേതൃത്വം വിലക്കേര്‍പ്പെടുത്തിയത് ഇപ്പോഴും തുടരുകയാണ്.