കണ്ണൂര്‍ ലോബിയില്‍ വിളളല്‍; പി. ജയരാജന്‍ ഒറ്റപ്പെട്ടു

Sunday 18 June 2017 1:10 am IST

കണ്ണൂര്‍: സിപിഎമ്മിലെ കണ്ണൂര്‍ ലോബിയില്‍ വിളളല്‍. ജില്ലാ സക്രട്ടറി പി. ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ ഒറ്റപ്പെടുന്നു. ഭരണതലത്തില്‍ പാര്‍ട്ടി നേതൃത്വത്തെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിമുറുക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് സമാധാനയോഗം വിളിച്ചതും ജില്ലാ കമ്മറ്റി നിര്‍ദ്ദേശ പ്രകാരം നിയമിച്ച എസ്പിയെ ഒരു മാസത്തിനുളളില്‍ നീക്കിയതും കണ്ണൂര്‍ ലോബിക്കുളളില്‍ രൂപംകൊണ്ട ഭിന്നതയുടെ ഭാഗമാണ്. എല്‍ഡിഎഫ് ഭരണത്തിലേറിയ ശേഷം ജില്ലാ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നിരന്തരം അക്രമങ്ങളും കൊലപാതകങ്ങളും തന്റെ മണ്ഡലത്തിലുള്‍പ്പടെ നടക്കുന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍, പി.ജയരാജന്റ നേതൃത്വത്തിലുളള ജില്ലാ കമ്മറ്റി പ്രവര്‍ത്തിക്കുന്നതകല്‍ അതൃപ്തിയുണ്ട്. ഇതാണ് സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു ചേര്‍ക്കാനും സംഘപരിവാര്‍ നേതാക്കളേയും സിപിഎം നേതാക്കളേയും വെവ്വേറെ കണ്ട് ചര്‍ച്ച നടത്താനും മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതില്‍ പി.ജയരാജന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ അതൃപ്തരാണ്. പോലീസ് നിക്ഷ്പക്ഷമാകണമെന്നും പ്രതികളെ പിടിക്കുന്നതില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും സംഘം ചേര്‍ന്ന് പോലീസിനെ തിരിച്ചയക്കുന്ന സംഭവങ്ങള്‍ക്ക് പോലീസ് വഴങ്ങരുതെന്നും മുഖ്യമന്ത്രി സമാധാന യോഗത്തില്‍ പറഞ്ഞു. ചിലര്‍ പ്രതികളെ മോചിപ്പിക്കാന്‍ സ്റ്റേഷനിലേക്ക് ബലമായി കടന്നുചെല്ലുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് സിപിഎം ജില്ലാനേതാക്കളേയും അണികളേയും ഉദ്ദേശിച്ചാണ്. പയ്യന്നൂരിലും ചക്കരക്കല്ലിലും പ്രതികളെ മോചിപ്പിക്കാന്‍ പി.ജയരാജനുള്‍പ്പെടെയുളള നേതാക്കളും അണികളും ശ്രമിച്ച സംഭവങ്ങളെ വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ സിപിഎം നേതൃത്വത്തില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതും ഇത് രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുന്നതും മുഖ്യമന്ത്രിയും സര്‍ക്കാരും പാര്‍ട്ടിയും ഒന്നാകെ ഒറ്റപ്പെടുകയാണെന്നും തോന്നലുണ്ട്. സമാധാന തീരുമാനങ്ങളോട് സിപിഎം നേതൃത്വത്തിന് യാതൊരു താല്‍പ്പര്യവുമില്ലെന്ന് സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ തെളിഞ്ഞു. തലശ്ശേരി പൊന്ന്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞു. പി.ജയരാജന്റ രാഷ്ട്രീയ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.