മുലായത്തെ കൊല്ലാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു: മോദി

Sunday 18 June 2017 6:18 am IST

കനൗജ് (ഉത്തര്‍പ്രദേശ്): മുലായം സിങ് യാദവിനെ കൊല്ലാന്‍ വരെ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയിരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിതാവിനെ വധിക്കാന്‍ ശ്രമിച്ചവരുമായി കൂടിച്ചേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ തരം താഴ്ത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. യുപിയില്‍ ഗുര്‍സായിഗഞ്ചില്‍ നടന്ന പ്രചാരണറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 1984ല്‍ മുലായം സിങ് കോണ്‍ഗ്രസിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു ഇതിന്റെ ഭാഗമായി മുലായംസിങ്, ചരണ്‍ സിങ്, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനെത്തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മുലായത്തെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ അഖിലേഷ് അധികാരത്തിലെത്തിയതോടെ അച്ഛനെ കൊല്ലാന്‍ പദ്ധതിയിട്ട പാര്‍ട്ടിയുമായി കൈകോര്‍ത്തു. 1984 മാര്‍ച്ച് നാലിന് ഇറ്റാവയില്‍ നിന്നും ലക്‌നൗവിലേക്ക് പോവുകയായിരുന്ന മുലായം സിങ്ങിന്റെ കാറിന് തീപിടുത്തമുണ്ടായി. അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ഉന്നത യാദവ് നേതാവാണ് അപകടത്തിനു പിന്നിലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് മുലായത്തിന് അറിയാം. അടുത്തിടെ യാദവ് കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കു പിന്നിലും കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ട്. അതേസമയം കോണ്‍ഗ്രസിന് ബിഎസ്പിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തമാക്കേണ്ടതാണെന്നും മോദി ആവശ്യപ്പെട്ടു. എസ്പിയും ബിഎസ്പിയുമായും കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടെന്നും മോദി കുറ്റപ്പെടുത്തി. ഇത്തവണത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം മികച്ചതാണ്. ഉരുളന്‍ കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സംസ്ഥാനത്തെ മുഖ്യ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് സ്ഥിരം വില സംവിധാനം ഏര്‍പ്പെടുത്തുമെന്നതാണ് വാഗ്ദാനങ്ങളില്‍ പ്രധാനം. കാര്‍ഷിക മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കനൗജില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുമെന്ന 2012ലെ അഖിലേഷ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗാദാനം ഇതുവരെ പാലിക്കാന്‍ സാധിച്ചിട്ടില്ല. ഉരുളന്‍ കിഴങ്ങുകള്‍ മണ്ണിലാണോ അതോ ഫാക്ടറികളില്‍ ഉണ്ടാക്കിയെടുക്കുന്നതാണോയെന്നു പോലും അറിയാത്ത നേതാക്കളാണ് കര്‍ഷകര്‍ക്കു വേണ്ടി പ്രസംഗിക്കുന്നതെന്ന് മോദി രാഹുലിനേയും കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.