മാനത്തെ മഹേന്ദ്രജാലം: ചൈനക്ക് അസൂയ, അങ്ങകലെ പാക്കിസ്ഥാന്‍

Sunday 18 June 2017 1:16 am IST

ന്യൂദല്‍ഹി: ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഭാരതം ലോക റെക്കാര്‍ഡിട്ടപ്പോള്‍ ചൈനക്ക് അസ്വസ്ഥതയും അസൂയയും. 104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചത് നല്ലതാണെങ്കിലും ഇന്ത്യ ചൈനക്കും അമേരിക്കക്കും വളരെയേറെ പിന്നിലാണ്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്‌ളോബല്‍ ടൈംസ് എഴുതി. ഇന്ത്യന്‍ ബഹിരാകാശ വിദ്യ പൂര്‍ണ്ണതോതില്‍ വികസിച്ചിട്ടില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാവപ്പെട്ടവരുള്ള രാജ്യമാണ് ഇന്ത്യ. വലിയ ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള റോക്കറ്റ് ഇന്ത്യക്കില്ല. സ്വന്തം ബഹിരാകാശ നിലയമില്ല. സ്വന്തം ബഹിരാകാശ യാത്രക്കാരില്ല. അസൂയ മറച്ചുവെക്കാതെ ചൈനീസ് പത്രം തുടര്‍ന്നു. കൂടുതല്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നത് വലിയ നേട്ടമല്ല. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പ്പാദനം കുറവായതു കൊണ്ടാണ് കുറഞ്ഞ ചെലവില്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ കഴിയുന്നത്.€ചെലവ് കുറഞ്ഞതു കൊണ്ടു മാത്രം ഭാവിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയില്ല. ഇന്ത്യ 6700 കോടി ബഹിരാകാശ കാര്യങ്ങള്‍ക്ക് മാറ്റിവയ്ക്കുമ്പോള്‍ ചൈന 40,000 കോടിരൂപയും അമേരിക്ക 12,00,00 കോടി രൂപയുമാണ് മാറ്റിവയ്ക്കുന്നത്. പത്രം പറയുന്നു. അതേസമയം ഭാരതത്തിനേക്കാള്‍ എട്ടുവര്‍ഷം മുന്‍പ് ബഹിരാകാശ രംഗത്തെത്തിയ പാക്കിസ്ഥാന്‍ ഇന്നും വളരെയേറെ പിന്നിലാണ്. 1961ലാണ് പ്രമുഖ ഊര്‍ജ്ജതന്ത്രജ്ഞന്‍ അബ്ദുസ് സലാമിന്റെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് അയൂബ് ഖാന്‍ കറാച്ചി തലസ്ഥാനമാക്കി അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷന്‍( സുപാര്‍ക്കോ) സ്ഥാപിച്ചു. പിന്നെയും എട്ടുവര്‍ഷം കഴിഞ്ഞാണ് ഭാരതം ഐഎസ്ആര്‍ഒ സ്ഥാപിച്ചത്. 1962ല്‍ സുപാര്‍ക്കോ ആദ്യ റോക്കറ്റ് റഹ്ബാര്‍ കറാച്ചി തീരത്തു നിന്ന് വിക്ഷേപിച്ചു. ഒരു വര്‍ഷം കൂടിക്കഴിഞ്ഞാണ് ഭാരതം തിരുവനന്തപുരം തുമ്പയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചത്. ഇസ്രായേലും ജപ്പാനും കഴിഞ്ഞാല്‍ റോക്കറ്റ് അയക്കുന്ന മൂന്നാമത്തെ രാജ്യമായി പാക്കിസ്ഥാന്‍ മാറുകയും ചെയ്തു, പക്ഷെ ഇന്ന് സുപാര്‍ക്കോ സാങ്കേതിക വിദ്യയുടെ കാര്യത്തിലും ദൗത്യങ്ങളിലും വിജയങ്ങളിലും എല്ലാം വളരെയേറെ പിന്നിലാണ്. സൈനിക മേധാവികളുടെ ഭരണവും ഇടപെടലും ഒരു പ്രധാനകാരണമാണ്. സുപാര്‍ക്കോ ഇന്ന് വലിയ തകര്‍ച്ചയിലുമാണ്. മുന്‍ സൈനിക ജനറല്‍ ക്വാസിര്‍ അനീസ് ഖുറമാണ് മേധാവി. പല വിക്ഷേപണങ്ങളും പൊളിഞ്ഞ് പാളീസാകുകയും ചെയ്തു, പിന്നെ അമേരിക്കിയില്‍ നിന്ന് ഒരു ഉപഗ്രഹം വാടകയ്ക്ക് എടുത്തു. 2011ല്‍ ഒരെണ്ണം വിക്ഷേപിച്ചു. അങ്ങനെ രണ്ട് ഉപഗ്രഹങ്ങളാണ് അവര്‍ക്കുള്ളത്.