ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റ്: കേരളം ഇന്ന് യാത്ര തിരിക്കും

Sunday 18 June 2017 5:38 am IST

കൊച്ചി: ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാനുള്ള കേരള ടീം ഇന്ന് യാത്ര തിരിക്കും. കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര എക്‌സ്പ്രസ്സില്‍ രാവിലെ 11നാണ് യാത്ര പുറപ്പെടുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് ജൂനിയര്‍ മീറ്റ്. എന്നാല്‍ യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ 32 പേര്‍ക്ക് ടിക്കറ്റ് ശരിയായിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. നേരത്തെ സീനിയര്‍, സബ്ജൂനിയര്‍ വിഭാഗം അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പൂനെ ബാലെവാഡി സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. സീനിയര്‍ വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ സബജൂനിയര്‍ വിഭാഗത്തില്‍ നിരാശപ്പെടുത്തി. ആറാം സ്ഥാനത്താണ് സബ്ജൂനിയര്‍ താരങ്ങള്‍ എത്തിയത്. അതേസമയം ജൂനിയര്‍ വിഭാഗത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള താരങ്ങള്‍ വഡോദരയിലേക്ക് പോകുന്നത്. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ആദ്യ ജൂനിയര്‍ മീറ്റിലും കിരീടം നേടാനാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കേരള താരങ്ങള്‍. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ 120 പോയിന്റുമായാണ് കേരളം ജൂനിയര്‍ വിഭാഗത്തില്‍ കിരീടം നേടിയത്. പെണ്‍കുട്ടികള്‍ 85 പോയിന്റു നേടിയപ്പോള്‍ 35 പോയിന്റായിരുന്നു ആണ്‍കുട്ടികളുടെ സമ്മാനം. ഇത്തവണ 53 കായിക താരങ്ങളും 10 ഒഫീഷ്യല്‍സും ഉള്‍പ്പടെ 63 അംഗ സംഘമാണ് കേരളത്തിന്റേത്. 27 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. ചാമ്പ്യന്‍ഷിപ്പിനായി ടീം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങിയിട്ടും ടിക്കറ്റ് സംബന്ധിച്ച അനിശ്ചിതത്വം ഇതുവരെയും അവസാനിച്ചിട്ടില്ല. എല്ലാവരുടെയും ടിക്കറ്റുകള്‍ വെയ്റ്റിങ്ങ് ലിസ്റ്റിലാണ്. സര്‍ക്കാരിനെയും എംപിമാരെയും ടിക്കറ്റ് ശരിയാക്കുന്നതിനായി ടീം അധികൃതര്‍ സമീപിച്ചിരുന്നു. പ്രത്യേക കോച്ച് ലഭിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രാവിലെ ബര്‍ത്ത് ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ടീം. ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ മുന്‍കാലങ്ങളിലേതു പോലെ കേരള ടീമിന് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ദുരിത യാത്ര നടത്തേണ്ടി വരും. ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് സംഘം യാത്രയാവുന്നത്. വഡോദര മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ 20 മുതല്‍ 23 വരെയാണ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. സംസ്ഥാന മീറ്റിന് ശേഷം മാസങ്ങളുടെ ഇടവേള വന്നതും പരീക്ഷക്കാലവും താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ഭയം പരീശീലകര്‍ക്കുണ്ട്. ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ പ്രിയശിഷ്യകളായ അതുല്യ ഉദയനും ടി. സൂര്യമോളും പരീക്ഷയെ തുടര്‍ന്ന് മീറ്റില്‍ നിന്നും പിന്‍മാറി. കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്നു ഇരുവരും. 30 താരങ്ങളാണ് ഒരാഴ്ചക്കാലം തിരുവനന്തപരുത്ത് നടന്ന പരിശീലന ക്യാംപില്‍ പങ്കെടുത്തത്. കോതമംഗലം സ്‌കൂളുകളിലെ താരങ്ങള്‍ എറണാകുളത്തിന് നിന്നും പാലക്കാട്ടു നിന്നുള്ള താരങ്ങള്‍ ഷൊര്‍ണൂരില്‍നിന്നും ടീമിനൊപ്പം ചേരും. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് സ്‌കൂളിലെ അനീഷ് തോമസാണ് ടീം മാനേജര്‍. ടോമി ചെറിയാന്‍, ജാഫര്‍ഖാന്‍, കെ. സുരേന്ദ്രന്‍, അനീഷ് തോമസ്, വര്‍ഗീസ് വൈദ്യന്‍, എ മുരളീധരന്‍, റോയി സ്—കറിയ, സഫിയ, മിനികുമാരി എന്നിവരാണ് പരിശീലകര്‍. രണ്ടംഗ മെഡിക്കല്‍ സംഘവും പ്രത്യേക പാചകക്കാരും ടീമിനെ അനുഗമിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.