മാഞ്ഞാംകുഴി റെഗുലേറ്ററിലെ വെള്ളം: കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം

Thursday 16 February 2017 9:27 pm IST

പറപ്പൂക്കര: മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാനുള്ള നീക്കത്തെ ചൊല്ലി പ്രാദേശിക കര്‍ഷകരും കോള്‍ കര്‍ഷകരും തമ്മില്‍ തര്‍ക്കം. വിഷയത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കളക്ടറും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും മാഞ്ഞാംകുഴി റെഗുലേറ്റര്‍ പരിസരവും പാടശേഖരവും സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറര അടി വെള്ളം രണ്ടര ദിവസത്തേയ്ക്ക് സംഭരിക്കാനും ശേഷം പഴയതുപോലെ വെള്ളം തുറന്ന് വിടാനും കളക്ടര്‍ ഇറിഗേഷന്‍ അധികൃതര്‍ക്ക് ഉത്തരവ് കൊടുത്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഷട്ടര്‍ താഴ്ത്തി ജലനിരപ്പ് ആറര അടിയില്‍ നിര്‍ത്തി. മുരിയാട്, പറപ്പൂക്കര, വേളൂക്കര എന്നീ പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും കൃഷി ഉണങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മാഞ്ഞാംകുഴി റെഗുലേറ്ററിലെ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാന്‍ ശ്രമം ആരംഭിച്ചത്. എന്നാല്‍ ചിമ്മിനിയില്‍ നിന്ന് കുറുമാലിപ്പുഴയിലൂടെ തുറന്ന് വിട്ട വെള്ളം പറപ്പൂര്‍ കോള്‍ മേഖലയില്‍ ഇതുവരെയും എത്താത്തതിനെ തുടര്‍ന്ന് ഷട്ടര്‍ അടയ്ക്കാനുള്ള ശ്രമത്തിന് എതിര്‍പ്പുമായി കോള്‍ കര്‍ഷകര്‍ മാഞ്ഞാംകുഴിയില്‍ എത്തി. അതേ സമയം കോള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രം പരിഹരിക്കപ്പെട്ടാല്‍ പോരായെന്നും പ്രാദേശിക കര്‍ഷകരുടെ വികാരം കൂടി മാനിക്കണമെന്ന് ആവശ്യപ്പെട്ട് സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സ്ഥലത്ത് തടിച്ച് കൂടി. രാവിലെ ഒമ്പത് മണിയോടെ കളക്ടര്‍ മാഞ്ഞാംകുഴിയില്‍ എത്തിയപ്പോള്‍ ഇരുവിഭാഗത്തിന്റെയും പരാതി പ്രളയമായിരുന്നു. മാഞ്ഞാംകുഴിയില്‍ ആറര അടിയോളം വെള്ളം സംഭരിച്ചാലെ സമീപത്തെ പറാത്തോട് വഴി മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ പൊറിത്തിശ്ശേരി പ്രദേശങ്ങളിലേയ്ക്ക് വെള്ളം എത്തിക്കാന്‍ സാധിക്കൂ എന്ന് ഒരു വിഭാഗം കര്‍ഷകര്‍ പറഞ്ഞു. 800 ഹെക്ടര്‍ നെല്‍കൃഷിക്ക് വെള്ളം എത്തിയില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കൃഷി ഇപ്പോള്‍ തന്നെ ഉണങ്ങി കഴിഞ്ഞെന്നും പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഒ. സെബാസ്റ്റ്യന്‍, നായ്ക്കന്‍ കാളിപ്പാടം കോള്‍പടവ് കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍. തോമസ് എന്നിവര്‍ കളക്ടറോട് പറഞ്ഞു. വെള്ളത്തിന്റെ വിനിയോഗം നിരീക്ഷിക്കേണ്ട ഇറിഗേഷന്‍ വകുപ്പ് പരാജയമാണെന്നും കര്‍ഷകര്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്ഇന്ദിര തിലകന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍, ജില്ലാപഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ എന്നിവരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.