ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം

Wednesday 23 May 2012 10:51 pm IST

ശബരിമല: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ തീവ്രവാദ ഭീഷണി നേരിടുന്ന ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം. എതൊരാള്‍ക്കും ഏതു സമയത്തും അനായാസം ശബരിമലയിലെത്താമെന്നതാണ്‌ സ്ഥിതി. അല്‍-ഖ്വയ്ദ, എല്‍ടിടിഇ പോലുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന്‌ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തിയ ശബരിമലയെ പ്രത്യേക സുരക്ഷാമേഖലയായും പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ മാനുവല്‍ ഏര്‍പ്പെടുത്തി അതിന്റെ അടിസ്ഥാനത്തിലാണ്‌ ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാന്‍ തീരുമാനമെടുത്തത്‌. എന്നാല്‍ രണ്ടുമാസക്കാലത്തെ തീര്‍ത്ഥാടനകാലയളവില്‍ മാത്രമാണ്‌ കേന്ദ്രസേനയെയും കൂടുതല്‍ സംസ്ഥാന പോലീസിനെയും വിന്യസിക്കാറ്‌.
തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ സുരക്ഷാ സംവിധാനങ്ങളും പിന്‍വലിയുന്നു. ഇത്‌ ശബരിമലയിലെ സുരക്ഷയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലാഘവത്തോടെ കാണുന്നതിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തേണ്ടതാണ്‌. എന്നാല്‍ യാതൊരു സുരക്ഷാസംവിധാനങ്ങളും ശബരിമലയില്‍ ഇല്ല. പമ്പയിലേക്ക്‌ വരുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുകയോ സ്കാനര്‍ ഉപയോഗിച്ച്‌ പരിശോധിക്കുകയോ ചെയ്യുന്നില്ല. സ്ത്രീകളും കുട്ടികളുമായി അന്യരാജ്യക്കാരുള്‍പ്പെടെ നിരവധി പേരാണ്‌ ദിവസവും പമ്പയിലെത്തുന്നത്‌. ഇങ്ങനെയെത്തുന്നവരെ നിരീക്ഷിക്കാന്‍ യാതൊരു സംവിധാനവുമില്ല. മാസപ്പൂജാവേളകളില്‍പോലും പമ്പയില്‍ നാമമാത്രമായ പോലീസ്‌ സാന്നിദ്ധ്യം മാത്രമാണുള്ളത്‌.
പമ്പയില്‍ ടൂറിസ്റ്റുകളായി എത്തുന്നവരില്‍ അധികവും ദിവസങ്ങളോളം ഇവിടെ തമ്പടിക്കുന്നതായാണ്‌ സൂചന. ദുഷ്ടലാക്കോടെയെത്തുന്നവര്‍ക്ക്‌ വനത്തിലൂടെയും അല്ലാതെയും അനായാസം ശബരിമലയിലെത്താനാകും. വനമേഖലയില്‍ ഒരിടത്തും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത്‌ ദുഷ്ടലാക്കോടെ ചിലര്‍ ശബരിമലയിലെത്തിയതായാണ്‌ വിവരം. വ്യാപിച്ചു കിടക്കുന്ന വനമേഖലയില്‍ മാസങ്ങളോളം തമ്പടിക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സുരക്ഷാസംവിധാനങ്ങളിലെ പാളിച്ചകാരണം ആര്‍ക്കും സാധിക്കും. ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന്‌ വനത്തിനുള്ളിലും പരിശോധന ശക്തമാക്കേണ്ടത്‌ അനിവാര്യമായിരിക്കുകയാണ്‌. നാമമാത്രമായ്‌ ദേവസ്വം ഗാര്‍ഡുകള്‍ മാത്രമാണ്‌ ശബരിമലയില്‍ ഇപ്പോള്‍ ഉള്ളത്‌. പമ്പയിലെ പോലീസ്‌ സ്റ്റേഷനിലാകട്ടെ പോലീസുകാരും കുറവാണ്‌.
സുഭാഷ്‌ വാഴൂര്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.