ജലവിതരണത്തിന് നിയന്ത്രണം

Thursday 16 February 2017 9:36 pm IST

തൃശ്ശൂര്‍ :ജലവിതരണം പക്ഷഭേദരഹിതവും കുറ്റമറ്റമാക്കുന്നതിനും മുല്ലശ്ശേരി, തോളൂര്‍, എളവളളി, കണ്ടാണശ്ശേരി എന്നീ പഞ്ചായത്തുകളിലെ കോള്‍ചാല്‍/പുഴയില്‍ നിന്നുളള തോളൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ മുതല്‍ ആളൂര്‍ പാലം വരെ കൃഷിക്ക് ഉപയോഗിക്കുന്ന മോട്ടോര്‍/പെട്ടി പറ മുതലായവ ഫെബ്രുവരി 20 വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നെല്‍കൃഷിയ്ക്കല്ലാത്ത ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മോട്ടോറുകള്‍/പെട്ടി പറ എന്നിവ 20 വരെ പ്രവര്‍ത്തിപ്പിക്കാതിരിക്കുന്ന വിധം വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ തൃശൂര്‍ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട കഴകള്‍ തുറക്കാതിരിക്കുന്നതിന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും നടപടി സ്വീകരിക്കണം. ചിറക്കല്‍ ലിഫ്റ്റ് ഇറിഗേഷനിലെ മോട്ടോര്‍, തോളൂര്‍ച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ മോട്ടോറുകള്‍, പെട്ടി പറ എന്നിവ നിര്‍ത്തേണ്ടതില്ല. പടവിനുളളിലെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാം. മുല്ലശ്ശേരി, തോളൂര്‍, എളവളളി, കണ്ടാണശ്ശേരി പഞ്ചായത്തുകളില്‍ കുടിവെളളത്തിനും നെല്‍കൃഷിയ്ക്കുമല്ലാതെ വെളളം തുറന്നു വിടുന്നുണ്ടോ എന്നു പരിശോധിക്കുന്നതിന് പോലീസ് പ്‌ട്രോളിംഗ് ശക്തിപ്പെടുത്തി. അന്തിക്കാട്, പാവറട്ടി, പേരാമംഗലം, ഗുരുവായൂര്‍ (കണ്ടാണശ്ശേരി മേഖല) പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ ഇതിന് ചുമതലപ്പെടുത്തി. തൃശൂര്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ പൊണ്ണമുത ഡബിള്‍ പാലത്തിന്റെ അടിയിലെ മണല്‍ത്തിട ഉടനെ തന്നെ നീക്കം ചെയ്യും. ചെമ്മീന്‍ ചാല്‍, കെ.എല്‍.ഡി.എ കനാല്‍ എന്നിവയില്‍ അടിഞ്ഞു കൂടിയിട്ടുളള ചണ്ടി/മണ്ണ് മുതാലയ മാലിന്യങ്ങളും മുളളൂര്‍ കായലില്‍ കെ.എല്‍. ഡി.സി കനാലിനു കുറുകെ കെട്ടിയ മണ്‍കെട്ടും ഉടനെ നീക്കം ചെയ്യുന്നതിന് കെ.എല്‍.ഡി.സി പ്രോജക്ട് എഞ്ചിനീയര്‍ നടപടി സ്വീകരിക്കേണ്ടതാണെന്നുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പറപ്പൂര്‍ തുടങ്ങിയ വടക്കന്‍ മേഖലയില്‍ വെളളം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.