ശ്രീചിത്രയ്ക്ക് സഹായഹസ്തവുമായി സുരേഷ്‌ഗോപി

Sunday 18 June 2017 1:12 am IST

തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഹോസ്പിറ്റലിന് എംപി ഫണ്ടില്‍ നിന്ന് നവജാത ശിശുക്കള്‍ക്കായി വാങ്ങിയ ഇന്‍ഫന്റ് വാര്‍മര്‍ ബെഡ്ഡുകളുടെ ഉദ്ഘാടനത്തിനെത്തിയ സുരേഷ് ഗോപി എംപി ചികിത്സയിലുള്ള കുട്ടിയ സന്ദര്‍ശിച്ചപ്പോള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍ സമീപം

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് സഹായ ഹസ്തവുമായി സുരേഷ് ഗോപി എംപി. എംപിഫണ്ടില്‍ നിന്നും അനുവദിച്ച മുപ്പത്തിമൂന്നര ലക്ഷം വിലമതിക്കുന്ന നാല് ഇന്‍ഫന്റ് വാമര്‍ കിടക്കകള്‍ സുരേഷ് ഗോപി ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് കൈമാറി.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തദാനത്തില്‍ പങ്കെടുക്കാനെത്തവെയാണ് ശ്രീചിത്രയില്‍ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കുള്ള കിടക്കകള്‍ കുറവാണെന്നുള്ള വിവരം ആശുപത്രി അധികൃതര്‍ എംപിയെ അറിയിച്ചത്. കൂടാതെ നാലായിരത്തോളം കുട്ടികള്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് കിടക്കള്‍ക്കുള്ള തുക എംപിഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇന്നലെ ശ്രീചിത്രയില്‍ നടന്ന ചടങ്ങില്‍ നാല് കിടക്കകളും ആശുപത്രി അധികൃതര്‍ക്ക് കൈമാറി.

എല്ലാ വര്‍ഷത്തെയും എംപി ഫണ്ടില്‍ നിന്ന് നിശ്ചിത തുക ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ വികസനത്തിനായി നല്‍കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ശ്രീചിത്രയുടെ വികസനത്തിനായി 480 കോടിയുടെ പദ്ധതികള്‍ക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ചെറിയ പനി വന്നാല്‍പോലും ജനങ്ങള്‍ മെഡിക്കല്‍ കോളേജുകളിലേക്കെത്തുകയാണ്. ആ തിരക്ക് കുറച്ചാല്‍ തന്നെ ഗുരുതരരോഗം ബാധിച്ചവര്‍ക്ക് മികച്ച സേവനം നല്‍കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കഴിയും. അതിനായി താന്‍ ദത്തെടുത്ത കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മൂന്ന് പനി ക്ലിനിക്കുകള്‍ സ്ഥാപിക്കും.

ഇത് മറ്റ് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണം. കൂടാതെ ആദിവാസി മേഖലയില്‍ മികച്ച സേവനങ്ങളൊരുക്കും. എംപി ആകുന്നതിന് മുമ്പ് ചെയ്തുവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷ്മി സുരേഷ്‌ഗോപി എംപി എന്ന പേരില്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കിയതായും അതുവഴി കൂടുതല്‍ പേര്‍ക്ക് വ്യക്തിഗത സഹായങ്ങളെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ജീവനക്കാര്‍ക്കായി നിര്‍മ്മിച്ച ജിമ്മിന്റെ ഉദ്ഘാടനവും സുരേഷ്‌ഗോപി നിര്‍വ്വഹിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍, കാര്‍ഡിയോ വസ്‌കുലര്‍ തൊറാസിക് സര്‍ജറി വിഭാഗം മേധാവി പ്രൊഫ.കെ.ജയകുമാര്‍, അഡീഷണല്‍ പ്രൊഫസര്‍ ഡോ.ബൈജു.എസ്.ധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.