കേരള ടീം ടിക്കറ്റില്ലാതെ നെട്ടോട്ടത്തില്‍

Sunday 18 June 2017 4:56 am IST

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബറോഡയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിനുള്ള കേരള ടീമിന് യാത്രയ്ക്ക് ടിക്കറ്റുപോലുമില്ല. 53 കുട്ടികളും 10 പരിശീലകരും അടങ്ങുന്ന സംഘം ഇന്ന് രാവിലെ 11 ന് കൊച്ചുവേളിയില്‍ നിന്ന് ഇന്‍ഡോര്‍ എക്‌സ്പ്രസില്‍ യാത്ര തിരിക്കുമെങ്കിലും വൈകുന്നേരം വരെയും ഒറ്റ ടിക്കറ്റ് പോലും കണ്‍ഫോം ആയിരുന്നില്ല. സംഭവം വിവാദമായതോടെ മന്ത്രിമാരുടെയും എംപിമാരുടെയും ശുപാര്‍ശയില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് രാത്രി പകുതിയോളം ടിക്കറ്റുകള്‍ കണ്‍ഫോമാക്കി. ടീമിന് സ്‌പെഷ്യല്‍ ബോഗി അനുവദിക്കണമെന്ന് അവസാനനിമിഷം അധികൃതര്‍ റെയില്‍വേക്ക് കത്തു നല്‍കിയെങ്കിലും ബോഗി ഇല്ലാത്തതിനാല്‍ റെയില്‍വേ കൈമലര്‍ത്തി. തുടര്‍ന്ന് ടിക്കറ്റുകള്‍ കണ്‍ഫോമാക്കിക്കിട്ടാനുളള നെട്ടോട്ടമായിരുന്നു. ഇന്നലെ തത്കാല്‍ സംവിധാനത്തിലൂടെ 16 ടിക്കറ്റുകള്‍ നല്‍കി. 16 പേര്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് നല്‍കാനും റെയില്‍വേ സമ്മതിച്ചു. ഇന്നു രാവിലെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാകുന്നതോടെ ബാക്കിയുള്ളവര്‍ക്കും ബെര്‍ത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘം. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നായി ദേശീയ സ്‌കൂള്‍ മീറ്റിനെ വിഭജിച്ച ശേഷമുള്ള ജൂനിയര്‍ മീറ്റാണിത്. സീനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങള്‍ പൂനെയില്‍ നടന്നിരുന്നു. ജൂനിയര്‍ മത്സരങ്ങള്‍ പെട്ടെന്ന് 20 മുതല്‍ 23 വരെ ആക്കി മാറ്റിയതാണ് വിനയായതെന്നാണ് അധികൃതരുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.