കൊച്ചി മെട്രോ; 149 പേര്‍ക്ക് വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടും

Sunday 18 June 2017 1:24 am IST

കാക്കനാട്: കൊച്ചി മെട്രോയുടെ ഭാഗമായി കുന്നറ മുതല്‍ പേട്ട വരെ നടത്തിയ സാമൂഹിക പ്രത്യാഘാത പഠനത്തില്‍ പദ്ധതി പ്രദേശത്തെ 149 പേര്‍ക്ക് വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടും. ജില്ലാ ഭരണകൂടം നിയോഗിച്ച രാജഗിരി ഔട്ട്‌റീച്ച് ഏജന്‍സി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുന്നറ പാര്‍ക്ക് എക്കോപാര്‍ക്കായി വികസിപ്പിക്കാനും ചമ്പക്കര മാര്‍ക്കറ്റ് വികസിപ്പിച്ച് ജീവനോപാധികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുത്താനുമാണ് റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദേശം. വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരില്‍ 84 പേര്‍ സ്ഥിരതാമസക്കാരായ കുടുംബങ്ങളും 65 പേര്‍ വാടക കെട്ടിടങ്ങളിലെ കച്ചവടക്കാരുമാണ്. ആകെ 3.75 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇതില്‍ .06 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. വീട് നഷ്ടപ്പെടുന്നവരില്‍ 20 പേര്‍ ബിപിഎല്‍ കുടുംബങ്ങളാണ്. കെട്ടിടം നഷ്ടപ്പെടുന്ന മൂന്ന് പേര്‍ക്ക് പകരം സ്ഥലം നല്‍കണം. ഭൂമി നഷ്ടപ്പെടുന്നവരുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും സന്ദര്‍ശിച്ചായിരുന്നു പഠനം. പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി 20ന് ജനപ്രതിനിധികളും വിദഗ്ധരും അടങ്ങിയ ജില്ലാതല വിദഗ്ധ സമിതി യോഗം ചേര്‍ന്ന് വിലയിരുത്തും. സ്ഥലമെടുപ്പ് നോട്ടിഫിക്കേഷന് ശേഷം കലക്ടര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മെട്രോ റെയില്‍ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാജഹാന്‍ അറിയിച്ചു. 2013ലെ എല്‍എആര്‍ആര്‍ നിയമ പ്രകാരം സാമൂഹിക പ്രത്യാഘാത നിര്‍ണയ പഠന റിപ്പോര്‍ട്ട് വിദഗ്ധ ഗ്രൂപ്പ് വിലയിരുത്തേണ്ടതുണ്ട്. വൈറ്റില പേട്ട മെട്രോ റെയില്‍ വികസനത്തിനായുള്ള പൊന്നും വില നടപടികളുടെ ഭാഗമായാണ് സാമൂഹിക പ്രത്യാഘാത പഠനം നടത്തിയത്. കുന്നറ പാര്‍ക്ക് മുതല്‍ പേട്ട വരെ 3.75 ഏക്കറും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ 2.85 ഏക്കറുമാണ് ഏറ്റെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.