ജ്ഞാനിയായ കര്‍മ്മയോഗി

Sunday 18 June 2017 1:56 am IST

ആധ്യാത്മിക നഭോമണ്ഡലത്തിലെ ഒരു സുവര്‍ണ നക്ഷത്രമായിരുന്നു ശ്രീമദ് നിര്‍മ്മലാനന്ദജി മഹാരാജ്. ഏവര്‍ക്കും ചൂടും വെളിച്ചവും പകര്‍ന്ന് അരനൂറ്റാണ്ടിലേറെക്കാലം മാര്‍ഗ്ഗദീപമായി കേരളക്കരയില്‍ അദ്ദേഹം ശോഭിച്ചു. അദ്ദേഹത്തിന്റെ ധന്യവചസ്സുകള്‍ ശ്രവിക്കാത്തവരും വാത്‌സല്യം നുകരാത്തവരും കാരുണ്യസ്പര്‍ശമേല്‍ക്കാത്തവരും നന്നേ വിരളം. വേദാന്ത തത്ത്വങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധം ലളിതമായി വ്യാഖ്യാനിച്ചും വിശദീകരിച്ചും ആയിരങ്ങള്‍ക്ക് അദ്ദേഹം പ്രേരണാസ്രോതസായി, അതുവഴി നമ്മുടെ നാട്ടില്‍ ഒരു വിചാരവിപ്ലവം സൃഷ്ടിക്കുവാന്‍ ആ മഹാത്മാവിന്റെ സാന്നിധ്യവും സാമീപ്യവും മാര്‍ഗ്ഗദര്‍ശനവും ഇടയാക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ഞങ്ങള്‍ ഉറ്റ ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. കോട്ടയം സിഎംഎസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ശാസ്ത്രവിഷയങ്ങളിലായിരുന്നു സ്വാമിജിക്ക് താല്‍പര്യം. ഏതു വിഷയവും യുക്തിഭദ്രമായി അവതരിപ്പിക്കുവാനുള്ള കഴിവ് ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. നിരവധി വിദ്യാര്‍ത്ഥികളോട് ഒറ്റയ്ക്ക് നിന്ന് തര്‍ക്കിച്ച് ജയിച്ച സന്ദര്‍ഭങ്ങള്‍ പല സഹപാഠികളും ഇപ്പോഴും അനുസ്മരിക്കാറുണ്ട്. സ്വാമിജി തന്റെ വിദ്യാര്‍ത്ഥിജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. അനുഭവവും ബോധ്യവും ഇല്ലാത്ത വിഷയങ്ങള്‍ തനിക്ക് വിശ്വസിക്കാനാവില്ലെന്ന ഉറച്ച നിലപാട് പലരില്‍നിന്നും അദ്ദേഹത്തെ അന്യനാക്കി. വ്യത്യസ്തമായ ജീവിതശൈലിയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പെരുമാറ്റവും ഉജ്ജ്വല വ്യക്തിത്വത്തിന് തിളക്കം കൂട്ടി. 1983 ഫെബ്രുവരിയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ അഖിലഭാരതീയ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ കാശിയില്‍ എത്തിയപ്പോഴാണ് മലയാളികളുടെ ഒരു ആശ്രമത്തെക്കുറിച്ച് വിഎച്ച്പി ജനറല്‍ സെക്രട്ടറി ഹരിമോഹന്‍ലാല്‍ജി എന്നോട് പറഞ്ഞത്. സമ്മേളനസ്ഥലത്തിന് അടുത്തുള്ള തിലഭാണ്ഡേശ്വര്‍ മഠത്തില്‍ ഞാന്‍ പോയി. മലയാളികള്‍ മാത്രമുള്ള ആശ്രമമായതുകൊണ്ട് മലയാളം സംസാരിക്കാന്‍ കാശിയില്‍ സൗകര്യം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. കേറിച്ചെന്നപ്പോള്‍ത്തന്നെ വലിയൊരു ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന ചെറുപ്പക്കാരനെ ഞാന്‍ കണ്ടു. പ്രദക്ഷിണം വയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നൊരു വിളി-'രാജശേഖരാ.' ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്റെ പരിചയക്കാരന്‍ മലയാൡ എങ്ങനെ കാശിയിലെത്തി എന്നോര്‍ത്ത് അതിശയിച്ചുനിന്നപ്പോള്‍ വീണ്ടും ശബ്ദം ഉള്ളില്‍നിന്ന് മുഴങ്ങി ''ഞാന്‍ തന്നെ. നാട്ടുകാരനാണ്. വരൂ.'' ആശ്രമത്തിനുള്ളില്‍ കടന്ന് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. കോട്ടയത്ത് ഓണംതുരുത്ത് സ്വദേശി മുരുകന്‍ എന്ന രാധാകൃഷ്ണന്‍ സന്യാസിയായതിലുള്ള സന്തോഷം ഞങ്ങള്‍ പങ്കുവച്ചു. കോളേജിലെ പഴയകാല ജീവിതം ഞങ്ങള്‍ അയവിറക്കി. മഠാധിപതി ശ്രീ ധരാനന്ദസ്വാമികളെ പരിചയപ്പെടുത്തി. അദ്ദേഹം സന്യാസദീക്ഷ നല്‍കിയ കാര്യങ്ങളും വിശദീകരിച്ചു. കേരളത്തിലേക്ക് ക്ഷണിച്ചശേഷം ഞാന്‍ മടങ്ങി. പിന്നീട് ഞങ്ങള്‍ തമ്മില്‍ കാണുന്നത് 1983 ഏപ്രില്‍ മാസത്തിലാണ്. നിലയ്ക്കല്‍ പ്രക്ഷോഭം ആരംഭിക്കുന്ന സമയമായിരുന്നു. സന്യാസിസമ്മേളനം വിളിച്ചുകൂട്ടി പ്രക്ഷോഭം ശക്തിപ്പെടുത്തുന്ന ചുമതല സ്വാമിജി ഏറ്റെടുത്തു. നിലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് സന്യാസിയാത്ര നയിച്ചു. തുടര്‍ന്ന് നടന്ന ബഹുജന മുന്നേറ്റത്തിന് ആവേശം പകര്‍ന്നത് സ്വാമിജിയുടെ പ്രസംഗങ്ങളായിരുന്നു. പിന്നീട് കുറിച്ചി ആതുരാശ്രമത്തിലും മൂലമറ്റം ആശ്രമത്തിലും അവസാനകാലം ഒറ്റപ്പാലത്തും തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നപ്പോഴെല്ലാം ഉറ്റബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഏതൊരു വിഷയവും ആഴത്തില്‍ പഠിക്കുക എന്നത് സ്വാമിജിയുടെ സ്വഭാവമായിരുന്നു. കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയും ആശയവിനിമയവും നടത്തി. സന്യാസിമാരിലെ ബുദ്ധിജീവിയും ബുദ്ധിജീവികളിലെ സന്യാസിയുമായിരുന്നു. ഒരു പ്രാവശ്യം വായിച്ചാല്‍ മതി അത്രയും ഭാഗം ഏതവസരത്തിലും ഒരു പ്രയാസവുമില്ലാതെ ഓര്‍ത്തുപറയാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതുപോലെ തന്നെ പരിചയപ്പെടുന്നവരും; അവരെ എക്കാലവും സ്വാമിജി ഓര്‍ത്തിരിക്കും. ജ്ഞാനിയായിരിക്കെ കര്‍മ്മരംഗത്ത് നിസ്തന്ദ്രമായി പ്രവര്‍ത്തിച്ചതിലൂടെ സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, ധാര്‍മ്മിക രംഗങ്ങളില്‍ ഒരുപോലെ പ്രശോഭിക്കാന്‍ കഴിഞ്ഞു. തന്മൂലം വലിയൊരു സൗഹൃദസമ്പത്ത് സ്വാമിജിക്ക് ഉണ്ടായി. ജാതിമതരാഷ്ട്രീയഭേദമില്ലാതെ എല്ലാ രംഗത്തുള്ള പ്രമുഖരെല്ലാം സ്വാമിജിയുമായി അടുത്ത ബന്ധം പുലര്‍ത്തി. ഉന്നതരായ രാഷ്ട്രീയ നേതാക്കളും മതമേധാവികളും ആചാര്യശ്രേഷ്ഠന്മാരും സ്വാമിജിയെ വളരെ ആദരവോടെയാണ് കണ്ടത്. സ്വാമിജിയുടെ വിയോഗം തീരാനഷ്ടമാണ്. വേദാന്തപണ്ഡിതനായ കാശികാനന്ദസ്വാമി പറഞ്ഞത് ഇവിടെ കുറിക്കട്ടെ: ''ഓടുമ്പോള്‍ നിശ്ചലനാകാനും നിശ്ചലതയില്‍ എങ്ങും ഓടി എത്താനും നിര്‍മ്മലാനന്ദസ്വാമിക്ക് കഴിയുന്നു. ജീവിതനൈര്‍മല്യമാണ് അതിന് കാരണം.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.