പൂര്‍വ്വാശ്രമത്തില്‍ അദ്ധ്യാപകന്‍

Sunday 18 June 2017 4:00 am IST

പൂര്‍വ്വാശ്രമത്തില്‍ കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന സ്വാമി നിര്‍മ്മലാനന്ദ ഗിരിക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമവുമായ അടുത്തബന്ധമായിരുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഓണംതുരുത്ത് മൂലയില്‍ കരോട്ട് പത്മനാഭപിള്ള -ജാനകിയമ്മ ദമ്പതികളുടെ മകനായി ജനിച്ച മുരുകന്‍ എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍ നായരാണ് പിന്നീട് സ്വാമി നിര്‍മലാനന്ദ ഗിരി ആയത്. എംഎ ബിരുദധാരിയായിരുന്ന അദ്ദേഹം നീണ്ടൂര്‍ റസ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനായിരുന്നു. പത്മകുമാരി, ഹരിപ്രിയ എന്നിവര്‍ സഹോദരിമാരും പരേതനായ മുരളീധരന്‍ നായര്‍ സഹോദരനുമാണ്. വിദ്യാനന്ദ സ്വാമികളുടെ കാലത്ത് അദ്ദേഹം നിരന്തരം തീര്‍ത്ഥപാദാശ്രമത്തില്‍ എത്തുമായിരുന്നു. പിന്നീട് കാശിയിലേക്ക് തിരിച്ചു. ആദ്ധ്യാത്മികരംഗത്തിനൊപ്പം ആയുര്‍വ്വേദത്തിനും സ്വാമിയുടെ വേര്‍പാട് തീരാനഷ്ടമാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരും, കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദരും പറഞ്ഞു. ആയുര്‍വ്വേദ വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നല്‍കിയിരുന്നതെന്ന് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഓര്‍മ്മിച്ചു. ഇതുമായി ബന്ധപ്പെട്ട് വാഴൂര്‍ ആശ്രമത്തിലും അദ്ദേഹം എത്തിയിരുന്നു. അറിയപ്പെടുന്ന ആയുര്‍വ്വേദ ആചാര്യനായിരുന്നു അദ്ദേഹം.