തമിഴ്‌നാടിന് ഇനി പളനി സ്വാമി

Sunday 18 June 2017 1:32 am IST

ശശികലയുടെ മുഖ്യമന്ത്രി മോഹത്തിന് തിരശീല വീണതോടെ അഭ്യൂഹങ്ങള്‍ നിറഞ്ഞ തമിഴക രാഷ്ട്രീയത്തിന് താല്‍ക്കാലിക വിരാമമായി. ശശികലയ്ക്ക് പകരം എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവായ എടപ്പാടി പളനി സ്വാമി നയിക്കുന്ന മന്ത്രിസഭ നിലവില്‍ വന്നതോടെ കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനുമെതിരെ വിരല്‍ ചൂണ്ടിയവരെല്ലാമാണ് വിഷണ്ണരായിരിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിലിറങ്ങിക്കളിച്ച് കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ആക്ഷേപിച്ചവരുടെയും നാവടക്കുംവിധമാണ് ഗവര്‍ണറുടെ തീര്‍പ്പുണ്ടായത്. പനീര്‍ശെല്‍വത്തെക്കാള്‍ നിയമസഭാംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ പളനി സ്വാമിക്കായി. ജനങ്ങള്‍ പനീര്‍സെല്‍ വത്തിനൊപ്പമാണെന്ന് പരക്കെ ചര്‍ച്ചചെയ്യപ്പെടുമ്പോഴാണ് ഗവര്‍ണര്‍ യുക്തമായ തീരുമാനമെടുത്തത്. ജനപിന്തുണ അളന്ന് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. എന്നാല്‍ നിയമസഭാംഗങ്ങളുടെ എണ്ണം ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കുകതന്നെ വേണം. അതാണിവിടെ സംഭവിച്ചിരിക്കുന്നത്. പളനിസ്വാമിക്ക് 15 ദിവസമാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സമയം അനുവദിച്ചത്. അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലേ മറിച്ചൊരു ചര്‍ച്ചയ്ക്കും തീരുമാനങ്ങള്‍ക്കുമെല്ലാം സാഹചര്യമുണ്ടാക്കുന്നത്. ജയലളിതയുടെ ആശ്രിതനായി പനീര്‍ശെല്‍വം മാറിയതുപോലെ ശശികലയുടെ ആശ്രിതനായിരിക്കുമോ പളനി സ്വാമിയെനന് സംശയം പരക്കെയുണ്ട്. അതെന്തായാലും വ്യക്തിപരമായി ഏറെ രാഷ്ട്രീയ പരിചയവും ഭരണാനുഭവവുമുള്ള ആളാണ് പുതിയ മുഖ്യമന്ത്രിയെന്നതില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് എടപ്പാടി കെ. പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്ത്. 31 അംഗ മന്ത്രിസഭയും പളനിസ്വാമിക്കൊപ്പം അധികാരമേറ്റു. മുഖ്യമന്ത്രി ദൈവനാമത്തിന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എട്ട് മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചൊല്ലി. ലളിതമായ ചടങ്ങാണ് രാജ്!ഭവനിലെ ദര്‍ബാര്‍ ഹാളില്‍ ഉണ്ടായത്. നേരത്തെ ശശികലയുടെ സത്യപ്രതിജ്ഞക്കായി വലിയ ചടങ്ങാണ് ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നത്. ഇത് നടക്കാതായതോടെയാണ് സത്യപ്രതിജ്ഞ ലളിതമാക്കാന്‍ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചത്. 124 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എടപ്പാടി കെ പളനിസ്വാമി അവകാശപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഭൂരിപക്ഷം തെളിയിക്കാനായാല്‍ വരുന്ന നാലര വര്‍ഷക്കാലം പളനിസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാം. എംഎല്‍എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല. ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഇതില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 പേരാണ് വിമതപക്ഷത്തുള്ളത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനാല്‍ പനീര്‍സെല്‍വത്തിനു വിപ്പ് ബാധകമാകുകയില്ല. എംജിആര്‍ മരിച്ച സമയത്ത് നേരിട്ടതു പോലുള്ള അവസ്ഥയിലൂടെയാണ് ഇന്ന് അണ്ണാ ഡിഎംകെ കടന്നുപോകുന്നത്. അന്ന് എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെയാണ് ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചിരുന്നത്. പിന്നീട് അവര്‍ മുഖ്യമന്ത്രിയാകുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജയലളിത പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി. ഇന്ന് ജയലളിതയുടെ സ്ഥാനത്ത് പനീര്‍സെല്‍വമാണ്. ജയലളിതയ്ക്ക് എന്നപോലെ പനീര്‍സെല്‍വത്തിന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ സാധിക്കുമോയെന്നാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അഴിമതി ആരോപണങ്ങളുടെ പരമ്പരയാണ് ജയയുടെ ഭരണകാലത്തുണ്ടായത്. 1996 ലെ തെരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും, അവര്‍ക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. ജയലളിതയുടെ ഭരണകാലത്ത് നടത്തിയ അഴിമതികളുടെ പേരില്‍ അവര്‍ അറസ്റ്റു ചെയ്യപ്പെട്ടു. ജയലളിതയ്‌ക്കെതിരായ കേസ്സുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. 2001 ലെ തെരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസ്സുകളില്‍ വിചാരണ നേരിടുന്ന അവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചത്. എങ്കിലും എഐഎഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകതന്നെ ചെയ്തു. രണ്ടുപതിറ്റാണ്ടുമുന്‍പ് ജയലളിത മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ അഴിമതി ആരോപണമാണ് ജയലളിതയേയും ശശികലയേയും വേട്ടയാടിയത്. കോടതിയുടെ അന്തിമവിധി വരുംമുന്‍പെ ജയലളിത അന്ത്യയാത്രയായില്ലെങ്കില്‍ ഇന്ന് ശശികലക്കുള്ള ശിക്ഷജയയ്ക്കും ബാധകമായേനെ. അധികാരത്തിലേറ്റ് ജയിലിലേക്ക് പോകാനായിരിക്കും ഒരുപക്ഷേ ശശികല മോഹിച്ചിട്ടുണ്ടാവൂ. കപ്പിനും ചുണ്ടിനുമിടയില്‍ പദവി തെറിച്ചു. ശശികല ജയിലിനകത്ത് കയറി 24 മണിക്കൂര്‍ തികയുമ്പോള്‍ അധികാരമേറ്റ ഭരണകൂടം അഴിമതിക്കെതിരെ നിലയുറപ്പിച്ച് ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയാല്‍ തമിഴകവും രാജ്യമാകെയും സന്തോഷിക്കും. കരുത്തുറ്റ സര്‍ക്കാര്‍ എന്നതിനപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ മറ്റൊരു താല്പര്യവും പ്രകടിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരും ഗവര്‍ണറുമാണ് ഇവിടെ മാതൃകയാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.