റെയില്‍വേ അപ്രോച്ച് റോഡ് നിര്‍മ്മാണം തടസപ്പെടുത്തുന്നു

Friday 17 February 2017 11:29 am IST

പുനലൂര്‍: ചൗക്കയില്‍ നിന്നും പേപ്പര്‍മില്‍ റോഡിലേക്കുള്ള റെയില്‍വേ അടിപ്പാതയുടെ അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുന്നതിന് പിന്നില്‍ ഇടത്-വലത് മുന്നണികളുടെ ബന്ധുസ്‌നേഹമാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ ഇതുവരെയും സാധിക്കാത്തതാണ് നിര്‍മ്മാണത്തിന് വിലങ്ങുതടി സൃഷ്ടിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും ഭൂമി ഏറ്റെടുക്കാത്തതിന് പിന്നില്‍ ഉന്നതരാണെന്ന ആരോപണമാണ് ഉയരുന്നത്. മുന്‍ റവന്യു വകുപ്പ് മന്ത്രിയുടെ ഭാര്യാസഹോദരന്റെ ഭൂമി ഏറ്റെടുക്കാനാകാത്തതാണ് റോഡ് നിര്‍മ്മാണം വൈകാന്‍ കാരണമായിരിക്കുന്നത്. ഇതിന് പിന്നില്‍ സിപിഐയുടെ മുന്‍ എംഎല്‍എയ്ക്കും പങ്കുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അതിനാല്‍ ഇടതുമുന്നണിയും ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ രംഗത്ത് എത്തിയതുമില്ല. സിപിഎം നേതാവ് എസ്. ബിജു ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അത് പിന്നീട് സിപിഐ-സിപിഎം തര്‍ക്കം ആകുകയും ചെയ്തു. പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ ജോലികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് വിലയിരുത്തുന്നു. പുനലൂര്‍ എംഎല്‍എ മന്ത്രി കെ. രാജുവാകട്ടെ ഇതിന് വേണ്ടി ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. റോഡ് നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനവും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.