അശ്ലീല പദപ്രയോഗം: പ്രിന്‍സിപ്പാളിനെതിരെ കേസ്

Sunday 18 June 2017 12:26 am IST

തൃശൂര്‍: വിദ്യാര്‍ത്ഥികളോട് അശ്ലീല ചുവയോടെ സംസാരിച്ച തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജിലെ ആക്ടിംഗ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് സലിമിനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു എന്ന പരാതിയാലാണ് കേസ്. നാനൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ നൂറോളം സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ ഗ്രീന്‍ റൂമിലടക്കം ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു. ബാത്ത്റൂമില്‍ നിന്നു കണ്ടെടുത്ത ബ്ലെയ്ഡിനെക്കുറിച്ചും ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചു. പെണ്‍കുട്ടിയുടെ പേഴ്സണല്‍ ഡയറി മറ്റുവിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചു വായിച്ചു തുടങ്ങി നിരവധി പരാതികളാണ് സലീമിനെതിരെ വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചിരിക്കുന്നത്. അനാവശ്യ പിഴകള്‍ ഈടാക്കുന്നതായും പരാതിയുണ്ട്. അതിനിടെ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ സമരമാണ് കോളേജില്‍ നടക്കുന്നത്.