ശശികലയേയും ദിനകരനെയും പുറത്താക്കിയതായി മധുസൂദനന്‍

Sunday 18 June 2017 12:14 am IST

ചെന്നൈ: അണ്ണാ ‍ഡിഎംകെയുടെ നേതൃപദവികളില്‍ നിന്നും ശശികലയേയും ടി.ടി.വി ദിനകരനെയും പുറത്താക്കിയതായി പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാനായിരുന്ന ഇപ്പോള്‍ പനീര്‍സെല്‍വം പക്ഷക്കാരനുമായ ഇ.മധുസൂദനന്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശശികല പുറപ്പെടുവിച്ച വിപ്പ് നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ലംഘിച്ചാല്‍ കൂറ്‌മാറ്റ നിരോധനനിയമ പ്രകാരം അയോഗ്യരാകും. ഇതൊഴിവാക്കാനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ടിടിവി ദിനകരനെയും പുറത്താക്കാന്‍ ഒപി‌എസ് പക്ഷം തീരുമാനിച്ചത്. പനീര്‍സെല്‍വത്തിനു പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്. അതിനിടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നിര്‍വഹിക്കാന്‍ കഴിയണമെന്ന് ആവശ്യം ഉന്നയിച്ച് പനീര്‍ശെല്‍‌വം സ്പീക്കറെ കണ്ടു. ശശികലയുടെ കുടുംബത്തെ പാര്‍ട്ടിയില്‍ നിന്നും ഉന്മൂലനം ചെയ്യുമെന്നും എല്ലാ നിയോജക മണ്ഡലങ്ങളിലും സമരം തുടരുമെന്നും കഴിഞ്ഞ ദിവസം ഒ.പനീര്‍‌ശെല്‍‌വം ജയലളിത സമാധിയില്‍ വച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് സമരപരിപാടികളൊന്നും അരങ്ങേറിയിരുന്നില്ല. എന്നാല്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ 117 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ എടപ്പാടി പളനിസ്വാമിക്കായാല്‍ ഒപി‌എസ് പക്ഷം അപ്രസക്തമാകുമോ എന്ന് കണ്ടറിയാം. അണ്ണാ ഡിഎംകെ ഭരണഘടനപ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്തെത്തിയത്. ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.