ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുന്നു: ഊര്‍ജിത് പട്ടേല്‍

Saturday 17 June 2017 11:58 pm IST

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. വ്യാപാര താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടികള്‍ സ്വീകരിക്കുമ്പോഴും അതൊന്നും ബാധിക്കാതെ തുറന്ന വിപണിയിലൂടെ ഇന്ത്യ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതായും പട്ടേല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 7.1% വളര്‍ച്ചയായിരുന്നു പ്രതീക്ഷയെങ്കിലും 6.9% ആയിരുന്നു കഴിഞ്ഞ ആഴ്ചത്തെ വളര്‍ച്ച. എന്നാല്‍ 2017-18 വര്‍ഷത്തില്‍ 7.4% ആയി വളര്‍ച്ചാ നിരക്കില്‍ വന്‍ നേട്ടമുണ്ടാക്കുവാനാകും. ജിഡിപി വളര്‍ച്ച 9% എത്തുന്നതെപ്പോഴാണെന്ന് പ്രവചിക്കാനാവില്ലെന്നും പട്ടേല്‍ പറഞ്ഞു. അടിസ്ഥാനപരമായ പരിഷ്‌ക്കരണങ്ങള്‍ പ്രത്യേകിച്ച് ഭൂമിയുടെയും തൊഴിലിന്റെയും കാര്യത്തിലുണ്ടെങ്കില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് സാധ്യമാണ്. കഴിഞ്ഞ ആഴ്ച പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റങ്ങളൊന്നും വരുത്തുവാന്‍ തയ്യാറായിരുന്നില്ല. സ്ഥിരതയോടെയാണ് സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകുന്നത്. നാണ്യപ്പെരുപ്പം താഴ്ന്ന നിലയിലാണ്. ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ വലിയ തോതില്‍ ബാധിക്കാതെ തന്നെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകുവാനാകുമെന്നും അദ്ദേഹം പറഞ്ഞു.