ഫയര്‍ലൈന്‍ വെട്ടല്‍ വൈകുന്നു; കാട്ടുതീ ഭീഷണിയില്‍ ഇടുക്കി കുളമാവില്‍ കത്തിനശിച്ചത് 13 ഏക്കര്‍ വനം

Saturday 17 June 2017 9:30 pm IST

കാട്ടുതീ ഭീഷണി ഉയര്‍ത്തി കുളമാവ് വനത്തോട് ചേര്‍ന്ന് ഉണങ്ങി നില്‍ക്കുന്ന പുല്ല്‌

തൊടുപുഴ: വനംവകുപ്പ് റോഡിന്റെ വശങ്ങളില്‍ ഫയര്‍ലൈന്‍ തെളിക്കാന്‍ വൈകുന്നതിനാല്‍ ഇടുക്കിയിലെ വനങ്ങള്‍ കാട്ടുതീ ഭീഷണിയില്‍. മുന്‍ വര്‍ഷങ്ങളില്‍ ഹെക്ടര്‍ കണക്കിന് വനഭൂമി കാട്ടുതീ വിഴുങ്ങിയിട്ടും ഇത് തടയുന്നതിനാവശ്യമായ ഇടപെടല്‍ നടത്താന്‍ വനംവകുപ്പിനായിട്ടില്ല. 29 ശതമാനത്തോളം വനമുള്ള കേരളത്തില്‍ വനഭൂമിയിലൂടെ കടന്ന് പോകുന്ന റോഡുകള്‍ക്ക് ഇരുവശവും തീയില്‍ നിന്നു സംരക്ഷണം നേടാനായി വനം തെളിക്കുന്നതും പാതി വഴിയില്‍ മുടങ്ങി.

കേരളത്തില്‍ ഇടുക്കി, മലപ്പുറം, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതലും വനമുള്ളത്. വനം വകുപ്പിന്റെ അലക്ഷ്യമായ ഇടപെടല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകയാണ്.

പത്ത് ദിവസത്തിനിടെ ഇടുക്കി കുളമാവില്‍ കത്തിനശിച്ചത് 13 ഏക്കര്‍ വനമാണ്. മറയൂരിലും പീരുമേടും സമാനമായ രീതിയില്‍ തീ പടര്‍ന്ന് 20 ഏക്കറോളം വനഭൂമി കത്തിനശിച്ചു.
കുളമാവ് ഡാം മുതല്‍ കുയിലുമല വരെയുള്ള 20 കിലോമീറ്റര്‍ ഭാഗം നിബിഡ വനമാണ്. റോഡിന്റെ ഭാഗങ്ങളോട് ചേര്‍ന്ന് പാറയിടുക്കുകളില്‍ പുല്ല് ഉണങ്ങി നില്‍ക്കുന്നതാണ് കൂടുതലും ഭീഷണിയാകുന്നത്. ഇവിടങ്ങളില്‍ ചിലര്‍ വനം നശിപ്പിക്കാനായി മനപൂര്‍വ്വം തീയിടുന്നതാണെന്ന് വനംവകുപ്പിന് അറിയാമെങ്കിലും മുന്‍ കരുതലെടുക്കുന്നില്ല. തൊടുപുഴ- പുളയന്മല സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന കുളമാവ് വനത്തിന്റെ ഇടത് ഭാഗം തൊടുപുഴ റേഞ്ചിനും വലത് ഭാഗം നഗരമ്പാറ റേഞ്ചിനും കീഴിലാണ്.

നഗരമ്പാറയില്‍ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ തൊടുപുഴയുടെ പരിധിയില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഫയര്‍ ലൈന്‍ തെളിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും കണ്‍വീനറെ വെച്ച് ലേലം ചെയ്ത് ഇത്തരത്തിലുള്ള ജോലി ഏല്‍പ്പിക്കുകയാണ്. ഇത്തവണ ഇത് ഇഴഞ്ഞ് നീങ്ങുകയാണ്. നാല് ജീവനക്കാരെ തീ പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതായി ഫോറസ്റ്റ് റേഞ്ചര്‍ ബാബു പറഞ്ഞു. കൃത്യമായി ഫയര്‍ലൈന്‍ തെളിക്കാന്‍ ആകാത്തതിനാല്‍ പുല്ലുകളും ഈറ്റകളും ചെറുമരങ്ങളും അടക്കം ഏത് നിമിഷവും അഗ്നി വിഴുങ്ങുമെന്ന ഭീതിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.