ഈശ്വരൻ കൃഷി കാണാൻ ഇറങ്ങുമ്പോൾ

Saturday 17 June 2017 10:30 pm IST

ഇന്ന് വൈക്കത്ത് മാശി അഷ്ടമി. കുംഭമാസത്തിലെ അഷ്ടമിയാഘോഷമാണ് മാശി അഷ്ടമി. വൃശ്ചികത്തിലെ കൃഷ്ണപക്ഷ അഷ്ടമിയാണ് ഏറെ പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്നദാന പ്രഭുവെന്ന സങ്കല്‍പ്പത്തിലുള്ള ശ്രീപരമേശ്വരന്റെ നാട്ടുകാര്‍, അന്യദേശത്തുനിന്നെത്തുന്നവര്‍ക്കൊരുക്കുന്ന വിരുന്നാഘോഷം കൂടിയാണത് കുംഭത്തിലെ മാശി അഷ്ടമി അന്നാട്ടുകാര്‍ക്കെന്നാണ് പറച്ചില്‍. പക്ഷേ, അതിനെല്ലാമപ്പുറം, ഒരുപക്ഷേ ലോകത്ത് മറ്റൊരു ആരാധനാ ക്രമത്തിലും വിശ്വാസപക്ഷത്തിലുമില്ലാത്ത ഉദാത്തമായ സാമൂഹ്യമാനങ്ങളുണ്ട് കുംഭാഷ്ടമിക്ക്. ഭഗവാന്‍, വൈക്കത്തപ്പന്‍ കൃഷികാണാനിറങ്ങുന്ന, കൃഷിക്കാരെ കാണാന്‍ ശ്രീകോവില്‍ വിട്ട് കിഴക്കോട്ടിറങ്ങുന്ന ദിവസമാണ് കുംഭാഷ്ടമി. കാര്‍ഷികവൃത്തിക്കും അതില്‍ വ്യാപൃതരാകുന്ന മണ്ണിന്റെ മക്കള്‍ക്കും ഇത്രമാത്രം പ്രാധാന്യം കൊടുത്തുള്ള വിശ്വാസം, ആചാരം മറ്റെങ്ങുമുണ്ടാവില്ല. ഉദയനാപുരത്തപ്പനായ മകന്‍ സുബ്രഹ്മണ്യനെ കൂട്ടി തന്റെ കൃഷിയിടം കാണാന്‍ വൈക്കത്തപ്പ പോകുന്നു എന്നാണ് സങ്കല്‍പ്പം. ഉദയനാപുരത്തുനിന്ന്, വൈകിട്ട് കര്‍ഷകര്‍ പാടത്തുനിന്നു കയറുന്ന സമയം നോക്കി, മകന്‍ സുബ്രഹ്മണ്യനിറങ്ങും. (ആനപ്രേമികളുടെ ആവശ്യത്തെ തുടര്‍ന്നുള്ള പരിഷ്‌കാരങ്ങളില്‍, വൈകിട്ട് മൂന്നുമണി എന്ന സമയക്രമം ഇപ്പോള്‍ അഞ്ചരയാക്കി). വൈക്കത്ത് മകനെ കാത്ത് അച്ഛന്‍ നില്‍ക്കുന്നുണ്ടാവും. മകനെയും കൂട്ടി കൃഷി ഭൂമിയിലേക്ക്. അവിടെ കൃഷികണ്ടും കര്‍ഷകരെ സന്തോഷിപ്പിച്ചും മടക്കം. അതാണ് വിശ്വാസ സങ്കല്‍പ്പം. ഇതിലെ സാമൂഹ്യ കാഴ്ചപ്പാട് വലുതാണ്. ആചാരത്തിലെയും അനുഷ്ഠാനത്തിലെയും ഇത്തരം സാംസ്‌കാരികതയാണല്ലോ നാട്ടാചാരങ്ങളുടെ സമ്പത്ത്. നൂറ്റാണ്ടായി തുടരുന്ന ആചാരമാണിത്. 90 വര്‍ഷം കഴിഞ്ഞു വൈക്കത്തമ്പലത്തില്‍ ഹിന്ദുക്കളിലെ അവര്‍ണര്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് നടന്ന സത്യഗ്രഹ സമരം വിജയിച്ചിട്ട്. അവര്‍ണരെന്ന് മുദ്രയടിച്ച് അകറ്റിനിര്‍ത്തിയവര്‍ക്ക് ക്ഷേത്ര പ്രവേശന അനുമതി നേടാന്‍, സവര്‍ണര്‍ നടത്തിയ സാമൂഹ്യവിപ്ലവം. ലോകചരിത്രത്തിലെ അസാധാരണ സംഭവങ്ങളിലൊന്നാണല്ലോ അത്. അതിനുമുന്‍പ് പല കാരണങ്ങളാല്‍ അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്കിടയിലേക്ക് ഈശ്വരന്‍ സ്വയം ഇറങ്ങിച്ചെല്ലുന്നതാണ് കുംഭാഷ്ടമിയിലെ ആചാരം. ഈശ്വരനെ കാണാന്‍ വരുന്നതും ഈശ്വരന്‍ കാണാന്‍ ചെല്ലുന്നതും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. പല കാരണങ്ങളാല്‍ ക്ഷേത്രസന്നിധിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക്, അവര്‍ക്കിടയിലെത്തുന്ന ഭഗവാനെ കാണാനുള്ള അവസരം. സാമൂഹ്യ അനാചാരങ്ങള്‍ നടപ്പിലാക്കിയവരെന്ന് വിമര്‍ശിക്കപ്പെടുന്നവര്‍ തന്നെയാണ് ഈ അനുഷ്ഠാനവും ഉണ്ടാക്കിയതെന്ന് കൂടി ഓര്‍മ്മിക്കണം. പതിവ് എഴുന്നള്ളത്തില്‍ നിന്നേറെ വ്യത്യസ്തമാണ് ഈ യാത്രയിലെ അനുഷ്ഠാന മര്യാദകള്‍. നാല് ആനകളുടെ അകമ്പടി. വൈക്കത്തപ്പന്റെ തിടമ്പിനും പ്രത്യേകത, പതിവ് തിടമ്പല്ല. കുംഭാഷ്ടമിയിലെ എഴുന്നള്ളത്തിലെ തിടമ്പില്‍ ഭഗവാന് ഒരു നാട്ടുകാരണവരുടെ ഭാവമാണ്. കൊമ്പന്‍ മീശ വച്ച കരുത്തനായ, അധികാര ഭാവമുള്ള രൂപം. മകനെ കൂട്ടി, ക്ഷേത്രത്തിന്റെ കിഴക്കു വാതിലിലൂടെ എഴുന്നള്ളി, ഒരുകാലത്ത് ക്ഷേത്രഭൂമിയായിരുന്ന പാടശേഖരങ്ങളിലേക്കാണ് യാത്ര. ഇന്ന് കൃഷി ക്ഷയിച്ചു. ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിന് പണ്ട് നെല്ലുവിളയിച്ചിരുന്ന വാഴമനപ്പാടത്തേക്കാണ് ഗ്രാമദേവത എത്തുക. വേമ്പനാട്ട് കായലില്‍ നിന്ന് വാഴമനപ്പാടത്തേക്ക് വെള്ളമൊഴുകുന്ന തോട്ടില്‍ ചിറകെട്ടുന്നത് ഭഗവാന് അപ്പുറം കടക്കാനാണ്. അതോടെയാണ് കൃഷിപ്പണിയും തുടങ്ങുന്നത്. കെട്ടുന്ന താല്‍ക്കാലിക ചിറയ്ക്ക് മുകളിലൂടെ വൈക്കത്തപ്പന്‍ കടക്കുന്നതോടെ കൃഷി സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. നാലാന കടന്നുപോകുമ്പോള്‍ ചിറ ഉറയ്ക്കുമെന്നതാവും ശാസ്ത്രീയ വശം. അതിന് ഭഗവാന്റെ സാന്നിദ്ധ്യം കൂടിയാകുമ്പോള്‍ കര്‍ഷകന്റെ ആത്മവിശ്വാസം ഏറും. ക്ഷേത്രത്തില്‍നിന്നിറങ്ങിയാല്‍ മൂന്നിടത്ത് വൈക്കത്തപ്പന് വിശ്രമമുണ്ട്. വാഴമനക്കൊട്ടാരം, കൂര്‍ക്കച്ചേരി, കള്ളാട്ടുശേരി. ഇവിടങ്ങളില്‍, വലിയ ചെമ്പില്‍ നിവേദ്യമുണ്ടാക്കും. വൈക്കത്തപ്പന്‍ മേല്‍നോട്ടക്കാരന്‍. കര്‍ഷകര്‍ക്കും മറ്റ് ജനാവലിക്കും 'കാരണവരെ' കാണാന്‍ അവിടെ അവസരം. വരുന്നവര്‍ക്കെല്ലാം നിവേദ്യം പങ്കുവക്കണമെന്നാണ് ആചാരം. അങ്ങനെ പ്രജകളെ കേട്ട്, പ്രജകളെ കണ്ട് സന്തോഷത്തോടെ മടക്കയാത്ര. അതി ഗംഭീരമാണ് തിരിച്ചെഴുന്നള്ളത്ത്. കൃഷി യഥാവിധി നടക്കുന്നത് അറിഞ്ഞും കര്‍ഷകരെ കണ്ടും ആഹ്ലാദിച്ച്, മകന് ഇവയെല്ലാം പരിചയപ്പെടുത്തി മടക്കം. ഇരുവശവും ദീപങ്ങള്‍ തെളിയിച്ച് വൈക്കത്തെ വിളക്കു സമിതികളും നാട്ടുകാരും ഗ്രാമദേവതയെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കും. കൃഷിയിടത്തിലേക്കുള്ള എഴുന്നള്ളത്ത് കിഴക്കേ നടയില്‍ തുടങ്ങുമ്പോള്‍ വിശ്വാസികള്‍ അടിമകിടക്കുന്ന ചടങ്ങുണ്ട്. സാധാരണ മരണാനന്തര ചടങ്ങിലാണ് മുഴുവനായി വാഴയില വെട്ടുന്നതുപോലും. ആഘോഷങ്ങള്‍ക്കും മറ്റ് അനുഷ്ഠാനങ്ങള്‍ക്കും തൂശനിലയാണ് പതിവ്. ഈ ദിവസം മുഴുവന്‍ വാഴയില നിവര്‍ത്തി, അതില്‍ വിശ്വാസത്തോടെ, അച്ഛന്റെയും മകന്റെയും മുന്നില്‍ കിടക്കുന്ന ''അടിമ കിടക്ക''ല്‍ ചടങ്ങ് കുംഭാഷ്ടമിയിലെ പതിവാണ്. ദേവതകള്‍ ഏറ്റവും സന്തോഷിച്ചിരിക്കുന്ന വേളയില്‍ സ്വയം സമര്‍പ്പിക്കുന്നതോടെ ഭഗവാന്മാര്‍ ഇരുവരും ഭക്തരുടെ സംരക്ഷണം ഏറ്റെടുത്തുകൊള്ളുമെന്നാണ് വിശ്വാസം. ആഘോഷപൂര്‍വം തിരികെ വൈക്കത്തെത്തിക്കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ മൂന്നു പ്രദക്ഷിണം. പിന്നെ മകനെ യാത്രയാക്കാന്‍ അച്ഛന്‍ വടക്കേനട വരെ അനുയാത്ര. മടക്കയാത്രയും മറ്റും വൃശ്ചികാഷ്ടമിയുടെ ചടങ്ങിലെ ആവര്‍ത്തനം. മകനെ പിരിയുന്നതിലെ ഖേദം. നാഗസ്വരത്തില്‍ ദുഃഖ ഖണ്ഡാരത്തിന്റെ നീട്ടിക്കരച്ചില്‍. വിശ്വാസികള്‍ മുഴുവന്‍ കണ്ണീരണിയും. ഒന്നുരണ്ടു നിമിഷം കടുത്ത മൂകത. പിന്നെ ഇടക്കിടെ തിരിഞ്ഞുനോക്കി നോക്കി അച്ഛന്റെ മടക്കയാത്ര. ഭഗവാനെ പച്ച മനുഷ്യനാക്കി, മഹാജനാവലിക്ക് മാതൃക കാണിക്കുന്ന സാമൂഹ്യാചാരം കൂടിയാണിതെല്ലാം. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം, കര്‍ഷകനും ഈശ്വരനും തമ്മിലുള്ള ദൃഢബന്ധം. കൃഷി സംരക്ഷിക്കേണ്ടതിന്റെ സന്ദേശം. അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയറിയിക്കല്‍. കര്‍ഷകനെ കാണാന്‍ ഭഗവാന്‍ എഴുന്നള്ളുന്നതിലെ ഉദാത്തഭാവം. ഭഗവാനെഴുന്നള്ളിയാല്‍ കൃഷി രക്ഷിക്കപ്പെടുമെന്ന വിശ്വാസം ഉറപ്പിക്കല്‍. അങ്ങനെയങ്ങനെ പലതും. 'അന്ധവിശ്വാസ'ങ്ങള്‍ക്കപ്പുറം അനന്തമായ ആത്മവിശ്വാസം നല്‍കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇങ്ങനെ ഏറെയുണ്ട്. ഒരുപക്ഷേ നാളെകളിലേക്കുള്ള യാത്രകളില്‍ വിശ്വാസപ്പത്തായത്തിലെ ഈ കരുതലുകളൊക്കെയും കൂടി വഴിച്ചോറായേക്കാം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.