വരള്‍ച്ച ബാധിച്ചത് 1700 ഹെക്ടറില്‍ നാല്‌കോടിയുടെ നാശനഷ്ടം

Friday 17 February 2017 9:30 pm IST

തിരുവല്ല: നാടെങ്ങും കുടുംചൂട്് 1700 ഹെക്ടറിനെ ബാധിച്ചപ്പോള്‍ ജില്ലയുടെ കാര്‍ഷിക മേഖലയില്‍ നാല് കോടിയുടെ നഷ്ടമുണ്ടായതായി ജില്ലാ കൃഷിവകുപ്പ് സംസ്ഥാന സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതില്‍ ഏറെയും വിളവ് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ കൃഷിഭവനുകളില്‍ നിന്ന് വിവരശേഖരണം നടന്നുവരുകയാണ് ഇതിന് ശേഷം നഷ്ടത്തിന്റെ കണക്ക് ഇതിലും ഉയരാമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.2700 ഹെക്ടറിലാണ് ഇത്തവണ ജില്ലയില്‍ കൃഷി ഇറക്കിയിരുന്നത്. ഇതില്‍ 320 ഹെക്ടര്‍ തരിശുനിലമായിരുന്നു. പാടശേഖരങ്ങളില്‍ ആവശ്യത്തിനു ജലം ലഭിക്കാതിരുന്നതുമൂലമാണ് നെല്‍കൃഷിയെ വരള്‍ച്ച ബാധിച്ചിരിക്കുന്നത്.വെള്ളത്തിന്റെ അഭാവത്തില്‍ പട്ടാളപ്പുഴു പോലെയുള്ളവയുടെ ആക്രമണം സാരമായി ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പാടശേഖരങ്ങളിലാണ് കൃഷി നശിച്ചത്. പൂര്‍ണമായും കൃഷി നശിച്ച പാടശേഖരങ്ങളും ജില്ലയിലുണ്ട്. കനാലുകളിലൂടെ വെള്ളമെത്താതിരുന്നതും തോടുകളും ചാലുകളും നേരത്തെ വരണ്ടതും ലിഫ്റ്റ് ഇറിഗേഷനുകള്‍ പലയിടത്തും ഉപയോഗശൂന്യമായതും നെല്‍കൃഷിക്കു ദോഷം ചെയ്തുവെന്നും കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു. പലയിടത്തം നെല്‍കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ച മട്ടാണ്.അപ്പര്‍കുട്ടനാട്ടില്‍ നിരണത്ത് 300 ഹെക്ടറിലും കുറ്റൂരില്‍ 50 ഹെക്ടറിലും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. കുറ്റൂര്‍ കോതവിരുത്തി, നിരണത്തെ അയ്യങ്കോനാരി, ഇടയോടി ചെമ്പ്, ഇരതോട്, വെള്ളാരങ്കേരി, പെരിങ്ങരയിലെ പടവിനകം എ, ബി, കൈപ്പാല പടിഞ്ഞാറ്, വേങ്ങല്‍, കൂരാച്ചാല്‍, പാണാകേരി, തിരുവല്ല മീന്തലവയല്‍, ഇരവിപേരൂര്‍ കരികുളം, കോഴഞ്ചേരി ഇടയോടി, വള്ളിക്കോട് നരിക്കുഴി, നടുവത്തൊടി, വേട്ടകുളം, പന്തളം, മാവരപുഞ്ച, നാരങ്ങാനം പുന്നോണ്‍ പാടശേഖരങ്ങളില്‍ വെള്ളം എത്താതിരിക്കുന്നതിനാല്‍ നെല്ല് കരിഞ്ഞു തുടങ്ങി. കെഐപി കനാലില്‍ വെള്ളമൊഴുക്കിത്തുടങ്ങിയിട്ടില്ല. ഫെബ്രുവരിയില്‍ കനാല്‍ തുറക്കാമെന്ന് കെഐപി അധികൃതര്‍ കഴിഞ്ഞ ജില്ലാ വികസനസമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്. കനാലുകള്‍ വൃത്തിയാക്കുന്ന ജോലി നടന്നുവരികയാണ്. കനാല്‍ ജലം എത്തിയാലും ഇതു കൃഷിയിടങ്ങളിലേക്കു നല്‍കില്ലെന്നാണ് സൂചന. കനാല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് വെള്ളം ഊര്‍ന്നിറങ്ങി ഉപകനാലുകളിലും കൈത്തോടുകളിലും വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.പിഐപി കനാലില്‍ വടശേരിക്കരയിലുണ്ടായ തകര്‍ച്ച കാരണം വെള്ളം ഭാഗികമായാണ് തുറന്നുവിടുന്നത്. ഇതും കൃഷിക്കു പ്രയോജനപ്പെടുന്നില്ല. കുടിവെള്ളത്തിനു പ്രാധാന്യം നല്‍കി ഒരു മീറ്റര്‍ ജലം മാത്രമേ കനാല്‍ വഴിയെത്തുന്നുള്ളൂ. ഒന്നിടവിട്ട ദിനങ്ങളിലാണ് ഇടതു, വലതുകര കനാലുകള്‍ തുറക്കുന്നത്. ഇതാകട്ടെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളമെത്താനും ഉപകരിക്കുന്നില്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.