ബിജെപി പ്രവര്‍ത്തകര്‍ എരുത്തേമ്പതി പഞ്ചായത്ത് ഉപരോധിച്ചു

Friday 17 February 2017 9:41 pm IST

എരുത്തേമ്പതി: പത്ത് ദിവസമായി കുടിവെള്ള വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ എരുത്തേമ്പതി പഞ്ചായത്ത് ഉപരോധിച്ചു. പഞ്ചായത്തിലെ നടുപ്പൂണി, കുളപ്പുര,ആര്‍വി പുതൂര്‍, എരുത്തേമ്പതി തുടങ്ങിയ വാര്‍ഡുകളില്‍ കഴിഞ്ഞ പത്ത് ദിവസങ്ങളായി കുടിവെള്ള വിതരണം പൂര്‍ണ്ണമായും നിലച്ചതില്‍ പ്രതിഷേധിച്ചാണ് നൂറുക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എത്തിയത്. രാവിലെ 9 മണിയോടെ ഉപരോധം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പൊന്‍രാജ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടന്‍, വാര്‍ഡ് മെമ്പര്‍മാരായ ജയലക്ഷ്മി, കലൈവാണി, ബിജെപി നേതാക്കന്മാരായ പി.ലോകനാഥന്‍,ആര്‍.വി.രാധാകൃഷ്ണന്‍, എസ്.ജ്ഞാനകുമാര്‍,എന്നിവര്‍ സര്‍ക്കാരുമായി സംസാരിച്ചു. എന്നാല്‍ കുടിവെള്ള വിതരണവും കുഴല്‍ കിണര്‍ നിര്‍മ്മാണവും അടിയന്തിരമായി ആരംഭിക്കണ സമരക്കാരുടെ ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഉപരോധം തുടരുകയായിരുന്നു. പതിനൊന്ന് മണിയോടു കൂടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ചര്‍ച്ചയ്ക്ക് എത്തിയെങ്കിലും പ്രശ്‌നപരിഹാരത്തിനായി ഉറപ്പുനല്‍കാന്‍ അദ്ദേഹവും തയ്യാറായില്ല. ഇതോടെ സമരം ശക്തമാക്കുകയായിരുന്നു. പഞ്ചായത്തിനകത്തു തന്നെ പന്തല്‍ കെട്ടി ഭക്ഷണം പാകം ചെയ്തു സമരം തുടര്‍ന്നു. നാലര മണിയോടെ സ്ഥലത്തെത്തിയ ചിറ്റൂള്‍ തഹസില്‍ദാര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. ലോറിവെള്ളം എത്തിക്കുമെന്നും ജില്ല കളക്ടര്‍സമരക്കാരുമായി സംസാരിച്ച് ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാമെന്ന ഉറപ്പിന്മേല്‍ അഞ്ചു മണിയോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വിശദീകരണ യോഗം ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ.ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കന്‍മാരായ എ.കെ.മോഹന്‍ദാസ്, വി.രമേഷ്,കെ.ആര്‍.ദാമോദരന്‍, എസ്.ജ്ഞാനകുമാര്‍, പി.ലോകനാഥന്‍, ആര്‍.വി.രാധാകൃഷ്ണന്‍ ,വാര്‍ഡ് മെമ്പര്‍മാരായ ജയലക്ഷ്മി, കലൈവാണി,മധു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.