ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ ക്രൂരമായി മര്‍ദ്ദിച്ചു

Saturday 17 June 2017 9:08 pm IST

മര്‍ദ്ദനമേറ്റ ഏബല്‍

കൊട്ടാരക്കര: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ കലയപുരം മലയില്‍ ബഥേല്‍ വില്ലയില്‍ ഏബല്‍(12)നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഓഫിസും സന്ദര്‍ശകമുറിയും കമ്പ്യൂട്ടറുകളും അടിച്ച് തകര്‍ത്തു.

വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ ഏബല്‍, കൂട്ടുകാരായ ആനന്ദ്, ആല്‍ബി, ക്രിസ് എന്നിവരെ പ്രിന്‍സിപ്പാള്‍ ഫാ. ജോണ്‍പാലവിള 8.15ഓടെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു. ഇവിടെ രാവിലെ 7.45 മുതല്‍ 12.45 വരെയാണ് ക്ലാസ് നടക്കുന്നത്. കൈ കെട്ടിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം വലിയ ചൂരല്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിച്ചു. കാരണം തിരക്കിയ വിദ്യാര്‍ത്ഥികളോട് നോ എക്‌സ്പ്ലനേഷന്‍, ക്യാമറ വഴി എല്ലാം ഞാന്‍ കാണുന്നുണ്ട് എന്ന് പറഞ്ഞ് വീണ്ടും മര്‍ദ്ദിച്ചതായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

മര്‍ദ്ദനമേറ്റ് നടക്കാന്‍ വിഷമിച്ച വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ പോയി നാല് മൂലയ്ക്കായി നിലത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ക്ലാസ് കഴിഞ്ഞ് നടക്കാന്‍ കഴിയാതെ ഉച്ചയോടെ വീട്ടില്‍ എത്തിയ ഏബലിനോട് രക്ഷകര്‍ത്താക്കള്‍ വിവരം തിരക്കിയപ്പോഴാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്. പൃഷ്ടഭാഗത്ത് അടികൊണ്ട് പൊട്ടിയ ആറ് പാടുകളുണ്ട്. സംഭവം അറിഞ്ഞ് നാട്ടുകാരും വിദ്യാര്‍ത്ഥി സംഘടനകളും ആശുപത്രിയില്‍ എത്തി. കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചതോടെ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി, യുവമോര്‍ച്ച, എസ്എഫ്‌ഐ, എഐഎസ്എഫ്, കെഎസ്‌യു, കെ.എസ്‌സി (ബി) വിദ്യാര്‍ത്ഥി സംഘടനകളും, യുവജനസംഘടനകളും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

പോലീസ് എത്തിയെങ്കിലും പ്രതിഷേധത്തിന് മുന്നില്‍ കാഴ്ചക്കാരായി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്താല്‍ മാത്രമെ പിരിഞ്ഞുപോകുവെന്ന് നിലപാടെടുത്ത് അവര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസെടുക്കാമെന്ന് സിഐ ഷൈനുതോമസ് ഉറപ്പുനല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. നിരവധി പരാതികള്‍ ഈ സ്‌കൂളിനെ കുറിച്ചുള്ളതായി നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.