യുവമോര്‍ച്ചയുടെ സിവില്‍ സപ്ലൈസ് ഓഫീസ് മാര്‍ച്ച്

Friday 17 February 2017 10:31 pm IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരി വിഹിതം റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യഭദ്രതാ പദ്ധതിയിലൂടെ അനുവദിച്ച അരി സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ആര്‍.എസ്. രാജീവ് പറഞ്ഞു. മുന്‍ഗണനാപട്ടിക സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തിയിട്ടും കേന്ദ്രം നല്‍കിയ പതിനാലേകാല്‍ മെട്രിക് ടണ്‍ അരി റേഷന്‍ കടകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് എട്ടുമാസമായിട്ടും പൊതുവിതരണ സമ്പ്രദായം പോലും നേരാംവണ്ണം കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. അരി എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. റേഷന്‍കടകളില്‍ അരി എത്തിക്കുന്നതിനുള്ള ക്വട്ടേഷനില്‍ പങ്കെടുത്തത് കരിഞ്ചന്തക്കാരും സിവില്‍ സപ്ലൈസ് ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമികളുമാണ്. ഇതിലൂടെ അരി വിതരണത്തില്‍ വന്‍ അഴിമതിയാണ് പുറത്തുവരുന്നത്. ഇതിന് കുടപിടിക്കുന്നത് ഭക്ഷ്യമന്ത്രി പി. തിലോത്തമനാണെന്നും രാജീവ് അരോപിച്ചു. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓഫീസുകള്‍ക്കു മുന്നില്‍ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്. ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ഉണ്ണിക്കണ്ണന്‍, നന്ദു, സിജുമോന്‍, വിഷ്ണു, അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.