ജിഷ്ണുവിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

Saturday 17 June 2017 9:00 pm IST

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സഹപാഠി രംഗത്ത്. ജിഷ്ണുവിനെ മരിച്ചനിലയില്‍ കണ്ടെത്തുമ്പോള്‍ വായില്‍ രക്തമുണ്ടായിരുന്നെന്നാണ് സഹപാഠി വെളിപ്പെടുത്തിയിരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നു. ജിഷ്ണു മരിച്ചു കിടന്നിരുന്ന ശുചിമുറിയിലെ ഭിത്തിയിലും രക്തക്കറ കണ്ടിരുന്നതായും പിന്നീട് നോക്കിയപ്പോള്‍് ഇത് കണ്ടില്ലെന്നും ശബ്ദ സന്ദേശത്തില്‍ വിദ്യാര്‍ഥി പറയുന്നു. ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ടവരിലൊരാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ഈ വിദ്യാത്ഥി. നേരത്തെ, കോളേജില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നും ജിഷ്ണു മരിച്ചുകിടന്ന മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതാണോ എന്നത് ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമെ വ്യക്തമാകൂ. ഇതിനായി സാമ്പിളുകള്‍ കാക്കനാട് ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെ ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ, അധ്യാപകന്‍ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. പ്രേരണക്കുറ്റം, മര്‍ദനം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍, വ്യാജ ഒപ്പിടല്‍ എന്നീ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് അഞ്ച് പേര്‍ക്കെതിരെ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പ്രതികളായ പി.കൃഷ്ണദാസ് അടക്കം അഞ്ചു പ്രതികളും ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനു വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.