സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു : ചെന്നിത്തല

Saturday 17 June 2017 8:32 pm IST

ഹരിപ്പാട്: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് ഉദാഹരണമാണ് സിനിമാതാരത്തിന് നേരെയുണ്ടായ ഗുണ്ടകളുടെ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാ, മാഫിയ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഹരിപ്പാട്ടും സമീപ മണ്ഡലമായ കായം‌കുളത്തും പത്ത് കൊലപാതകങ്ങളാണ് നടന്നത്. കൂടാതെ സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വ്യാപകമായി. ഇതില്‍ പ്രതിഷേധിച്ചാണ് രമേശ് ചെന്നിത്തല പന്ത്രണ്ട് മണിക്കൂര്‍ സത്യഗ്രഹം ഇരിക്കുന്നത്. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടെ നാല് തവണ കേരളത്തില്‍ എസ്.പിമാരെ മാറ്റി നിയമിച്ചു. എന്നിട്ടും കേരളത്തില്‍ ഗുണ്ടകളും സാമൂഹ്യവിരുദ്ധന്മാരും അഴിഞ്ഞാട്ടം നടത്തുകയാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാലെണ്ണവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ല. ഇതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയില്‍ സിനിമാതാരത്തിന് നേരെയുള്ള ആക്രമണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.