അധികാരമുണ്ടോ, ആര്‍എല്‍ഡിയുണ്ട്!

Saturday 17 June 2017 5:16 pm IST

അജിത് സിംഗ്, ജയന്ത് ചൗധരി

ഇടത്തേക്കും വലത്തേക്കും ചാഞ്ചാടുന്ന കേരള കോണ്‍ഗ്രസ് കഷണങ്ങളെപ്പോലെയാണ് യുപിയിലെ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി). ആര്‍ക്കൊപ്പവും കൂടും. ഇന്ന് ബിജെപിയാണ് സുഹൃത്തെങ്കില്‍ നാളെ കോണ്‍ഗ്രസ്. അധികാരത്തിന്റെ ഭാഗമാവുക മാത്രമാണ് ആത്യന്തിക ലക്ഷ്യം. കൂടെക്കൂട്ടിയാല്‍ തോല്‍ക്കുമെന്ന് ചീത്തപ്പേരുള്ളതിനാല്‍ ആര്‍എല്‍ഡിയെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. ബിജെപിക്കെതിരായ സഖ്യത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം അറിയിച്ചെങ്കിലും അഖിലേഷ് ഗൗനിച്ചില്ല.

ഹാന്റ് പമ്പാണ് ആര്‍എല്‍ഡിയുടെ ചിഹ്നം. വെള്ളമില്ലാത്ത പമ്പുകള്‍ പോലെ ഉപയോഗശൂന്യമാണ് സംസ്ഥാനത്ത് പാര്‍ട്ടി. ലക്‌നോ പാര്‍ട്ടി ഓഫീസില്‍ തിക്കിത്തിരക്കുന്ന നേതാക്കള്‍ക്കും ആത്മവിശ്വാസമില്ല. സഖ്യത്തില്‍ കൂടെക്കൂട്ടാതെ അഖിലേഷും കോണ്‍ഗ്രസ്സും വഞ്ചിച്ചുവെന്ന് ഒരു നേതാവ് തുറന്നടിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ആരെയെങ്കിലും പിന്തുണക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നായിരുന്നു മറുപടി. ഒരു പാര്‍ട്ടിക്കും കൃത്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അവസരമുള്ളിടത്ത് ആര്‍എല്‍ഡിയെ കാണാന്‍ സാധിക്കുമെന്ന് വ്യക്തം!.

പശ്ചിമ യുപിയില്‍ ജാട്ട് വിഭാഗത്തിനിടയിലാണ് ആര്‍എല്‍ഡിക്ക് സ്വാധീനമുണ്ടായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ ഇവിടം ബിജെപി തൂത്തുവാരി. പ്രസിഡണ്ട് അജിത് സിങ്ങും മകന്‍ ജയന്ത് ചൗധരിയും തോറ്റു. ഒറ്റ സീറ്റും പാര്‍ട്ടിക്ക് ലഭിച്ചില്ല. ആദ്യഘട്ടങ്ങളില്‍ തന്നെ പശ്ചിമ യുപിയില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ് കാലത്തും പണിയില്ലാത്ത അവസ്ഥയിലാണ് നേതാക്കള്‍. പ്രചാരണത്തില്‍ ആര്‍എല്‍ഡിയെ കാണാനേയില്ല.

ആര്‍എല്‍ഡിയുടെ പ്രചാരകരുടെ പട്ടികയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായത്തെയും ഉള്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. മുലായത്തെ വെട്ടി മകന്‍ അഖിലേഷ് പാര്‍ട്ടി പിടിച്ചെടുത്തപ്പോഴായിരുന്നു ഇത്. അജിത് സിങ്ങിന്റെ അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിംഗ് ഭാരതീയ ലോക്ദളിന്റെ അമരത്ത് മുലായത്തെയാണ് തീരുമാനിച്ചിരുന്നത്. അജിത് സിംഗ് ഇതിനെതിരായപ്പോള്‍ മുലായം പാര്‍ട്ടി പിളര്‍ത്തി പുറത്തു പോയി. മുലായത്തിന് ആര്‍എല്‍ഡിയുടെ അധ്യക്ഷ സ്ഥാനം നല്‍കാമെന്നാണ് ഇപ്പോള്‍ അജിത് സിങ്ങിന്റെ വാഗ്ദാനം.

അവസരവാദമാണ് ആര്‍എല്‍ഡിയുടെ ഔദ്യേഗിക നയം. 2002ല്‍ മായാവതിക്കൊപ്പം മത്സരിച്ച് ഭരണത്തിലെത്തി. തൊട്ടടുത്ത വര്‍ഷം എസ്പിക്കൊപ്പം ചേര്‍ന്ന് ആറ് മന്ത്രിമാരുമായി ഭരണത്തില്‍. 2004ല്‍ എസ്പിക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും മൂന്ന് സീറ്റില്‍ ഒതുങ്ങി. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിച്ച് അഞ്ച് സീറ്റുകള്‍. ബിജെപിക്ക് കേന്ദ്ര ഭരണം നേടാനുമായില്ല. 2011ല്‍ യുപിഎ സര്‍ക്കാരിലേക്ക് ചാടി. 2014ല്‍ കോണ്‍ഗ്രസ്സിനൊപ്പം എട്ടിടത്ത് മത്സരിച്ച് സംപൂജ്യരായി. ആറ് തവണ തുടര്‍ച്ചയായി ജയിച്ച ബഗ്പത് മണ്ഡലത്തില്‍ അജിത് സിംഗ് മൂന്നാമതായി. മകന്‍ ജയന്ത് ചൗധരി മധുരയില്‍ ഹേമമാലിനിയോടും തോറ്റു.

വോട്ടെടുപ്പിന് രണ്ട് ദിവസം മുന്‍പ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാം കുമാര്‍ കശ്യപ് ബിജെപിയിലെത്തിയതിന്റെ നാണക്കേടിലാണ് അജിത് സിങ്ങും സംഘവും. അമിത് ഷാക്കൊപ്പം വേദി പങ്കിട്ട കശ്യപ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എസ്പിക്ക് പുറമെ ബിജെപിയെയും ബിഎസ്പിയെയും സഖ്യത്തിനായി ആര്‍എല്‍ഡി സമീപിച്ചിരുന്നു. വോട്ടെണ്ണലിന് ശേഷമുള്ള സാധ്യതകളിലാണ് അജിത് സിംഗ് ഇപ്പോള്‍ ആശ്വാസം കൊള്ളുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.