മലയാളത്തിന്റെ യുഗസംക്രമപുരുഷൻ

Saturday 17 June 2017 7:30 pm IST

എ.ആർ രാജരാജവർമ

”മറ്റുള്ളവര്‍ സാഹിത്യസൗധത്തിന്റെ ഭിത്തികളില്‍ ചിത്രപ്പണികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഈ സ്ഥപതി മൂര്‍ധന്യന്‍ അതിന്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ച് അതിന് ശാശ്വത പ്രതിഷ്ഠ നല്‍കി കേരളീയരെ ആകമാനം അനുഗ്രഹിച്ചു. ആ ശില്‍പകര്‍മ്മത്തിലാണ് അദ്ദേഹത്തിന്റെ യശസ്സ് ആചന്ദ്രതാരം അചലസ്ഥായിയായി നിലകൊള്ളുന്നത്.” മലയാളത്തിലെ യുഗസംക്രമപുരുഷനായ എ.ആര്‍. രാജരാജവര്‍മ്മയെക്കുറിച്ചാണ് മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ ഇങ്ങനെ കുറിച്ചത്.

മഹാകാവ്യകര്‍ത്താവ്, വൈയാകരണന്‍, നിരൂപകന്‍, ജ്യോതിശാസ്ത്ര വിശാരദന്‍, വിവര്‍ത്തകന്‍, ബഹുഭാഷാ പണ്ഡിതന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് മലയാളം മാതൃഭാഷയായവരുടെ ഹൃദയത്തില്‍ ചിരസ്ഥായിത്വം നേടിയെടുത്ത മഹാത്മാവാണ് എ.ആര്‍. രാജരാജവര്‍മ്മ. കേരളകാളിദാസനായി അറിയപ്പെട്ട കേരളവര്‍മ്മ വലിയകോയിത്തമ്പുരാനുമായും എആറിനുണ്ടായിരുന്നത് അമ്മാവനും അനന്തരവനും തമ്മിലുള്ള സ്‌നേഹബന്ധം എന്നതിലുപരി ഗുരു-ശിഷ്യബന്ധമായിരുന്നു. മലയാളത്തിന്റെ ഇന്നത്തെ പ്രൗഢിക്ക് ഈ ബന്ധം ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.

സംസ്‌കൃതത്തില്‍ സ്തുത്യര്‍ഹമായ പാണ്ഡിത്യം ചെറുപ്പത്തില്‍ത്തന്നെ സമ്പാദിച്ചിരുന്ന രാജരാജവര്‍മ്മക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ പുരോഗമനോന്മുഖമായ ചൈതന്യം സമാര്‍ജ്ജിക്കുവാനും സാധിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മറ്റ് വിദ്യാര്‍ത്ഥികളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേകം സ്ഥാനങ്ങളിലാണ് തമ്പുരാക്കന്മാര്‍ക്ക് ഇരിപ്പിടം ഉണ്ടായിരുന്നത്. ആ അവകാശം ഉപേക്ഷിച്ച് മറ്റുള്ളവരോടൊപ്പം ഇരിക്കുന്ന പതിവ് തുടങ്ങിയത് എ.ആര്‍. രാജരാജവര്‍മ്മയായിരുന്നു. രാജകീയ ക്ഷത്രിയ സമുദായത്തില്‍പ്പെട്ട പലരുടെയും എതിര്‍പ്പിനെ അവഗണിച്ചായിരുന്നു അദ്ദേഹം സര്‍ക്കാര്‍ ജോലി സ്വീകരിച്ചത്. രാജരാജവര്‍മ്മ ശുപാര്‍ശ ചെയ്തതുപ്രകാരമാണ് അനന്തപുരിയിലെ സംസ്‌കൃത പാഠശാലയില്‍ബ്രാഹ്മണേതരര്‍ക്ക് പ്രവേശനം ലഭിച്ചത്.

പ്രാചീന സംസ്‌കാരത്തെ സമാദരിച്ചുകൊണ്ടുതന്നെ ആധുനിക രീതിയിലുള്ള സംസ്‌കൃത പാഠശാലയുടെ ആവിര്‍ഭാവവും എ.ആര്‍ പ്രിന്‍സിപ്പാളായിരുന്ന കാലത്താണുണ്ടായത്.
രാജരാജവര്‍മ്മയുടെ ഭാഷാകാവ്യങ്ങള്‍ പ്രധാനമായും ‘മലയവിലാസ’വും ‘പ്രസാദമാല’യുമാണ്. കേരളപാണിനിയുടെ ഭാവനാശക്തിയെ തെളിയിക്കുന്ന ഒന്നാന്തരം കാവ്യഖണ്ഡകാവ്യമാണ് ‘മലയവിലാസം.’ മലയാളത്തില്‍ പുതിയ പ്രസ്ഥാനമായ ഗീതകത്തിന് മാര്‍ഗദര്‍ശനമായിരുന്നു ‘മലയവിലാസം.’ മലയാളത്തിലെ വിവര്‍ത്തന സാഹിത്യത്തില്‍ അത്യുന്നതസ്ഥാനം അര്‍ഹിക്കുന്ന കൃതിയാണ് ‘ഭാഷാകുമാരസംഭവം.’ മുണ്ടശ്ശേരിയുടെ അഭിപ്രായം ഇപ്രകാരമാണ്, ”ഗദ്യത്തിലെന്നപോലെ പദ്യത്തിലും ശൈലിയെ സംസ്‌കൃതത്തിന്റെ സ്വേച്ഛാധിപത്യത്തിന് വിട്ടുകൊടുക്കാതെ കഴിയുന്നത്ര സ്വതന്ത്രമാക്കിത്തീര്‍ക്കണമെന്നൊരു വാശി തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഉത്തമ സംസ്‌കൃത കൃതികളുടെ വിവര്‍ത്തനങ്ങളില്‍ ശൈലിയെ പരമാവധി കേരളീയമാക്കിത്തീര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം… അക്കാര്യത്തില്‍ തികച്ചും വിജയിച്ചിട്ടുമുണ്ട്. അദ്ദേഹം.” നാട്ടുഭാഷാ പര്യവേഷകനായി പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്രാജ്യപ്രഭുത്വത്തിന്റെ ദോഷാനുഭവങ്ങള്‍ അദ്ദേഹം മനസ്സിലാക്കിതുടങ്ങിയത്. അത് അദ്ദേഹത്തെ ദേശീയസ്വാതന്ത്ര്യത്തിന്റെ ക്ഷമാശീലനായ വക്താവാക്കി മാറ്റി. ഈ പദവി ഏറ്റെടുത്തതോടുകൂടിയാണ് കോളേജിലും ഹൈസ്‌കൂളുകളിലും മലയാളം പഠിപ്പിക്കാന്‍ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ അഭാവം അദ്ദേഹംതിരിച്ചറിഞ്ഞത്. അത് പരിരിഹരിക്കുവാനുള്ള ഉദ്യമത്തില്‍നിന്ന് ഉടലെടുത്തവയാണ് ഭാഷഭൂഷണം, ശബ്ദശോധിനി, വൃത്തമഞ്ജരി, നളചരിത വ്യാഖ്യാനം, പ്രഥമവ്യാകരണം, മധ്യമവ്യാകരണം തുടങ്ങിയ ഗ്രന്ഥങ്ങള്‍. കേരളപാണിനീയം, മേഘദൂത് ഭാഷാകുമാരസംഭവം, ഭാഷാഭൂഷണം എന്നീ ഗ്രന്ഥങ്ങളെ നിരൂപണം നടത്തിക്കൊണ്ട് രസിക രഞ്ജിനി പത്രാധിപര്‍ ‘പണ്ഡിത രാജരാജന്‍’ എന്ന ബിരുദം രാജരാജവര്‍മ്മക്ക് നല്‍കുകയുണ്ടായി.

മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാള്‍സ്ഥാനം ഏറ്റെടുത്തതോടെ ഭാരതത്തിലെ ആദ്യത്തെ ഭാരതീയ പ്രിന്‍സിപ്പാളായിത്തീര്‍ന്നു എ.ആര്‍. രാജരാജവര്‍മ്മ. ഇംഗ്ലീഷ് കോളേജുകളില്‍ പാശ്ചാത്യന്മാര്‍ക്കല്ലാതെ പ്രിന്‍സിപ്പല്‍സ്ഥാനം ലഭിച്ചിരുന്നില്ല. അദ്ദേഹം മലയാളം ബിഎക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ ജയിക്കുന്ന വിദ്യാര്‍ത്ഥിക്ക് ‘കേരളവര്‍മ്മ ജൂബിലി മെഡല്‍’ എന്ന നാമധേയത്തില്‍ ഒരു കീര്‍ത്തിമുദ്ര ഏര്‍പ്പടുത്തുകയുണ്ടായി. തന്റെ പ്രിയ മാതുലനും വന്ദ്യഗുരുനാഥനും സാഹിത്യസാമ്രാജ്യത്തിലെ അനഭിഷിക്ത ചക്രവര്‍ത്തിയുമായിരുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഷഷ്ടിപൂര്‍ത്തിയുടെ സ്മരണയ്ക്കായി ശാശ്വതമായ ഒരു സ്മാരകം എന്ന നിലയ്ക്കാണ് ഈ ‘കീര്‍ത്തിമുദ്ര’ ഏര്‍പ്പെടുത്തിയത്. രാജരാജവര്‍മ്മയുടെ പ്രിയശിഷ്യനും പില്‍ക്കാലത്ത് ‘സ്വദേശാഭിമാനി’ എന്ന പേരില്‍ വിഖ്യാതനുമായിത്തീര്‍ന്ന കെ. രാമകൃഷ്ണപിള്ളക്കായിരുന്നു ആദ്യമായി ആ മെഡല്‍ ലഭിച്ചത്.

മലയാളഭാഷാപഠനത്തിന് നിശ്ചിതമായ ഒരു അടിത്തറ എ.ആര്‍. രാജരാജവര്‍മ്മ പണിതുയര്‍ത്തി. അതേസമയം സവര്‍ണ്ണ സമുദായത്തിന്റെ ഭാഷയായി കണ്ടിരുന്ന സംസ്‌കൃതം സാധാരണക്കാര്‍ക്കും പഠിക്കുവാനുള്ള സാഹചര്യവും അദ്ദേഹം സൃഷ്ടിച്ചു. നാലുവര്‍ഷത്തെ നിരന്തരപ്രയത്‌നംകൊണ്ട് എ.ആര്‍. രാജരാജവര്‍മ്മ ‘കേരളപാണിനീയം’ എഴുതിത്തീര്‍ത്തു. ”ബാലിശ കുതൂഹലം കൊണ്ട് എഴുതിയ ഇത് എഴുതിക്കഴിഞ്ഞപ്പോഴേ ഗൗരവം മനസ്സിലായുള്ളൂ” എന്ന് പിന്നീട് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

ഏറെക്കാലം മലയാളസാഹിത്യലോകത്തെ സജീവമാക്കിയ സംവാദമായിരുന്നു ദ്വിതീയാക്ഷരപ്രാസവാദം. പ്രാസം നല്ലതാണ്, എന്നാല്‍ അര്‍ത്ഥചാരുതയെ നശിപ്പിച്ചിട്ട് അത് പ്രയോഗിക്കരുത് എന്നായിരുന്നു എ.ആര്‍. രാജരാജവര്‍മ്മയുടെ സുനിശ്ചിതമായ നിലപാട്.
സംസ്‌കൃതത്തില്‍ ഇരുപത്തിരണ്ടും മലയാളത്തില്‍ ഇരുപത്തിയൊന്നും ഉള്‍പ്പെടെ 43 കൃതികള്‍ രാജരാജവര്‍മ്മയിലൂടെ കൈരളിക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിനുവേണ്ടി സമര്‍പ്പിച്ച ആ സഫലജീവിതത്തെ ആകസ്മികമായെത്തിയ ജ്വരം അപഹരിച്ചെടുത്തു. ആ അപരിഹാര്യമായ ദുഃഖം സഹിക്കാനാവാതെ മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ എഴുതിയ വിലാപകാവ്യമാണ്, ‘പ്രരോദനം.’ മലയാളത്തിന്റെ യുഗസംക്രമപുരുഷനായ എ.ആര്‍. രാജരാജവര്‍മ്മയുടെ 154-ാം ജന്മവാര്‍ഷികമാണ് 2017 ഫെബ്രുവരി 20.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.