എല്ലാ ജില്ലകളിലും ഇഎസ്‌ഐ, നിര്‍മ്മാണത്തൊഴിലാളികള്‍ക്കും

Saturday 17 June 2017 5:10 pm IST

കൊച്ചി: രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ബാധകമാക്കും. കോര്‍പ്പറേഷനില്‍ അംഗമായ തൊഴിലാളിയും ആശ്രിതരും വെവ്വേറേ സംസ്ഥാനങ്ങളിലാണെങ്കിലാണെങ്കില്‍ അതത് സ്ഥലത്ത് ഇഎസ്‌ഐ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കും. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സാ സൗകര്യം നല്‍കും. കൊച്ചിയില്‍ ആദ്യമായി ചേര്‍ന്ന ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ദേശീയ യോഗത്തിന്റേതാണ് തീരുമാനം. അസംഘടിത മേഖലയിലും ഇഎസ്‌ഐ നടപ്പാക്കുകയെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിലെ ആദ്യഘട്ടമാണ് നിര്‍മ്മാണത്തൊഴിലാളികളെ പദ്ധതിയിലാക്കിയതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു പറഞ്ഞു. നിലവില്‍ 392 ജില്ലകളിലെ ഇഎസ്‌ഐ പ്രവര്‍ത്തനമുള്ളു. മുഴുവന്‍ ജില്ലകളിലുമാക്കും. ആനുകൂല്യ പരിധി 15,000 രൂപയില്‍ നിന്ന് 21,000 ആക്കി. ഇതോടെ അംഗങ്ങളുടെ എണ്ണം 140 % വര്‍ദ്ധിച്ച് മൂന്നു കോടിയില്‍ നിന്ന് 12 കോടിയാകും. അംഗവും ആശ്രിതരും വെവ്വേറെ സംസ്ഥാനങ്ങളിലാണെങ്കില്‍ നിലവില്‍ ചികിത്സാ സൗകര്യം കിട്ടില്ല. ഇനിമേല്‍ എവിടെയാണെങ്കിലും ചികിത്സ കിട്ടും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇതിന്റെ നേട്ടം അധികം. വിരമിച്ച മുന്‍ അംഗങ്ങള്‍ക്ക് ഇഎസ്‌ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ നല്‍കും, കേന്ദ്ര മന്ത്രി വിശദീകരിച്ചു. നിലവില്‍ 50 രൂപ വിഹിതം അടച്ചാല്‍ ഇഎസ്‌ഐ ചികിത്സാ സൗകര്യം ലഭിക്കും. 450 രൂപകൂടി അധികം അടച്ചാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ആവശ്യക്കാര്‍ക്ക് ലഭിക്കുന്നതാണ് പദ്ധതി. ഇഎസ്‌ഐയുടെ 1500 ഡിസ്‌പെന്‍സറികളില്‍ മൂന്നിലൊന്ന് ഈ വര്‍ഷം ആറു കിടക്കകളുള്ള ആശുപത്രികളാക്കും. ഇഎസ്‌ഐ ആശുപത്രികളില്‍ ആയുഷ് മന്ത്രാലയത്തിന്റെ സഹകരണവും സഹായ പ്രവര്‍ത്തനങ്ങളും പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളായ ആയുര്‍വേദ, യുനാനി, സിദ്ധ തുടങ്ങിയവയും ലഭ്യമാക്കും. പുതിയ തൊഴിലവസരമുണ്ടാക്കാന്‍ തൊഴില്‍ മന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങളും മന്ത്രി വിശദീകരിച്ചു. യുവാക്കളുടെ തൊഴില്‍ നൈപുണ്യ വര്‍ദ്ധനക്ക് മന്ത്രാലയം നല്‍കുന്ന പരിശീലനം ഇതിനകം 89 ലക്ഷം പേര്‍ക്ക് ലഭ്യമാക്കി. പ്രധാനമന്ത്രി മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ, മുദ്രായോജന പദ്ധതികളിലുടെ ഓരോ പുതിയ സ്ഥാപനങ്ങളിലൂടെയും അഞ്ചു പേര്‍ക്കു വീതം ജോലി ലഭിക്കുന്നു. പത്രസമ്മേളനത്തില്‍ ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായ വി. രാധാകൃഷ്ണനും (ബിഎംഎസ്) പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.