നടിക്കെതിരായ അക്രമം പ്രതികളെ തിരിച്ചറിഞ്ഞു

Saturday 18 February 2017 11:30 pm IST

കൊച്ചി: യാത്രക്കിടെ കാര്‍ തടഞ്ഞുനിര്‍ത്തി പ്രമുഖ യുവനടിയെ അപമാനിച്ച സംഭവത്തില്‍ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്ത്‌ശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (24)യെ കൂടാതെ പെരുമ്പാവൂര്‍ കോടനാട് സ്വദേശി പള്‍സര്‍ സുനി എന്ന് വിളിക്കുന്ന സുനില്‍, കൂടാതെ മറ്റ് രണ്ട് പേരെയുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കേസന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. സുനിയുടെ പെരുമ്പാവൂരിലെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. മറ്റ് പ്രതികളുടെ വിവരങ്ങള്‍ ഒളിവില്‍ കഴിയുന്നവരെ കണ്ടെത്തിയ ശേഷമെ തിരിച്ചറിയാനാകു. ആന്റണിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ സെക്ഷന്‍ 342, 366, 376, 506, 120 ബി, 34 ഐ.പി.സി, ഇന്‍ഫര്‍മേഷന്‍ ആക്ട് 66 ഇ, 67 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നടിയെ ആക്രമിച്ചത് കൃത്യമായ ഗൂഢാലോചനയോടെയാണെന്നാണ് പോലീസിന്റെ നിഗമനം. നടി പരാതി നല്‍കില്ലെന്ന പ്രതീക്ഷയിലായിരുന്നു അക്രമം നടത്തിയത്. ബ്ലാക്‌മെയിലായിരുന്നു പിന്നിലെ ലക്ഷ്യമെന്നും പോലീസ് കരുതുന്നു. സംവിധായകന്റെ വീടിന് മുന്നില്‍ എത്തിച്ചതും ബോധപൂര്‍വമാണെന്നാണ് പോലീസിന്റെ നിഗമനം. നടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. സംഭവത്തില്‍ നടി കളമശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. വൈകിട്ട് 5.15 ന് കനത്ത പോലീസ് സുരക്ഷയിലാണ് നടി കോടതിയിലെത്തിയത്. മൊഴി നല്‍കിയ ശേഷം 7.30 ഓടെയാണ് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയത്. വിവരമറിഞ്ഞ് കോടതി പരിസരത്ത് ജനങ്ങള്‍ തടിച്ച് കൂടിയതിനാല്‍ ഏറെ പണിപ്പെട്ടാണ് നടിയുമായെത്തിയ വാഹനം പുറത്തേക്കിറക്കാനായത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ വച്ച നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി. തട്ടിക്കൊണ്ട് പോയ ശേഷം ശാരീരികമായി ഉപദ്രവിച്ചതായും ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയിലുണ്ട്. ശനിയാഴ്ച രാവിലെ 4.30ന് കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തി ചികിത്സ തേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.