സ്‌കൂളുകളിലെ കാമറകള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു

Sunday 19 February 2017 11:37 am IST

കൊട്ടാരക്കര: സ്‌കൂളുകളിലും കോളേജുകളിലും സ്ഥാപിക്കുന്ന ക്യാമറകള്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും സ്വാകാര്യത ഹനിക്കുന്നതാണന്ന് ആരോപണം ഉയരുന്നു. കൊട്ടാരക്കരക്ക് സമീപമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ക്യാമറയില്‍ എല്ലാം കണ്ടുവെന്നു പറഞ്ഞ് വ്യക്തമായ കാരണമില്ലാതെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ക്യാമറാകണ്ണുകള്‍ മിഴിതുറക്കുന്നത് എന്തിനാണെന്ന് ചോദ്യം ഉയരുന്നത്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നയങ്ങളുമായി കേരളം മുന്നോട്ടുപോകുമ്പോള്‍ പാശ്ചാത്യവിദ്യാഭ്യാസരീതി പിന്‍തുടരുന്ന മാനേജ്‌മെന്റ് സ്‌കൂളുകള്‍ നിസാരകാര്യം ചൂണ്ടികാട്ടി പോലും പിഴ ഈടാക്കുകയും ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ മര്‍ദ്ദിച്ച കലയപുരം മാര്‍ഇവാനിയോസ് ബഥനി സ്‌കൂളില്‍ പിഴ കൂടാതെ 2000 പ്രാവശ്യം കോപ്പി എഴുതിക്കുന്ന ശിക്ഷണനടപടിയും ഉണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സിസിടിവി ക്യാമറകള്‍ വേണമെന്ന നിലപാടാണ് മാനേജ്‌മെന്റിനും രക്ഷകര്‍ത്താക്കള്‍ക്കും. ഈ നിലപാടിനോട് ഏറെപേരും യോജിക്കുന്നു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ സുരക്ഷക്കും വിദ്യാര്‍ത്ഥി സുരക്ഷക്കും ക്യാമറ വയ്ക്കുന്നത് ഗുണകരമാണങ്കിലും വ്യക്തിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ മാനേജ്‌മെന്റ് വിദ്യാലയത്തില്‍ ക്യാമറ സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ വിവാദത്തിലേക്ക് നയിക്കുന്നത്. ക്ലാസ് മുറികളിലും ശുചിമുറികളിലേക്ക് പോകുന്നിടത്തും സ്റ്റാഫ് റൂമുകളിലും ക്യാമറ സ്ഥാപിക്കുന്ന മാനേജ്‌മെന്റിനെ കുറിച്ച് വാര്‍ത്തകള്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ ക്യാമറകളുടെ എല്ലാ വീഡിയോകളും വന്നെത്തുക മാനേജ്‌മെന്റിന്റെ കമ്പ്യൂട്ടറിലായിരിക്കും. ദുരുപയോഗം ചെയ്യുമെന്നാണ് അദ്ധ്യാപക സംഘടനകളുടെ വാദം. ഈ വാദം ഒരുപരിധി വരെ ശരിയാണ്. ആധുനികസംവിധാനം ഉള്ള ഐടി ക്യാമറകളാണ് സിസിടിവി ക്യാമറകളില്‍ ഉപയോഗിക്കുക. മൈക്രോഫോണ്‍ പഠിപ്പിച്ച ക്യാമറകളും പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും അദ്ധ്യാപകരെ നിരീക്ഷിക്കാന്‍ ഉപയോഗിച്ചു വരുന്നതായാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷക്ക് ക്യാമറകള്‍ അത്യാവശ്യമാണ്. സ്‌കൂളുകളിലെ ഗേറ്റിനു സമീപവും ഇടനാഴികകളിലും മൈതാനത്തും ക്യാമറകള്‍ സ്ഥാപിച്ചാല്‍ മോഷണങ്ങളും അക്രമങ്ങളും തടയുവാന്‍ കഴിയുമെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്. എന്നാല്‍ ക്യാമറ കണ്ണ് ക്ലാസ് മുറികളില്‍ സ്ഥാപിച്ച് അദ്ധ്യാപകര്‍ എന്ത് പഠിപ്പിക്കുന്നു, വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യുന്നുവെന്ന് ഒളിഞ്ഞുനോക്കുന്ന മാനേജ്‌മെന്റ് നടപടിയെ ഭൂരിഭാഗം പേരും എതിര്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.