സിപിഎം ഏരിയാ സെക്രട്ടറിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Thursday 24 May 2012 10:36 pm IST

കോഴിക്കോട്‌: റെവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ സി.പി.എം ഏരിയാകമ്മറ്റി സെക്രട്ടറി അടക്കം രണ്ട്‌ പേര്‍ അറസ്റ്റില്‍. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയും എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സി.എച്ച്‌. അശോകന്‍ (60), മുന്‍ വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും സി.പി.എം ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗവുമായ കെ.കെ. കൃഷ്ണന്‍ (60) എന്നിവരെയാണ്‌ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസറ്റ്‌ ചെയ്തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഐ.പി.സി 118 ാ‍ം വകുപ്പ്‌ പ്രകാരം പ്രേരണാകുറ്റമാണ്‌ സി.എച്ച്‌.അശോകന്റെയും കെ.കെ. കൃഷ്ണന്റെയും പേരില്‍ ചുമത്തിയിരിക്കുന്നത്‌.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമെന്ന്‌ ഇരുവര്‍ക്കും നേരത്തെ അറിയാമായിരുന്നെന്ന്‌ നേരത്തെ അറസ്റ്റിലായ കെ.സി. രാമചന്ദ്രനും പടയംകണ്ടി രവീന്ദ്രനും മൊഴി നല്‍കിയിട്ടുണ്ട്‌. കൊല നടക്കുമെന്ന്‌ അറിഞ്ഞിട്ടും ഇത്‌ തടയാന്‍ ഇരുവരും ശ്രമിച്ചില്ല എന്നാണ്‌ കേസ്‌. ബുധനാഴ്ച രാത്രി 11.30 ഓടെയാണ്‌ സി.എച്ച്‌.അശോകനെയും കെ.കെ. കൃഷ്ണനേയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്‌. തുടര്‍ന്ന്‌ ഇന്നലെ രാവിലെ ഇരുവരുടെയും അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി വടകര റൂറല്‍ എസ്‌.പി. ഓഫീസിലേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്ത സിജിത്തില്‍ നിന്നും പോലീസ്‌ കസ്റ്റഡിയില്‍ ഉള്ള സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്‍ എന്നിവരില്‍ നിന്നുമാണ്‌ സി.എച്ച്‌.അശോകന്റെയും കെ.കെ കൃഷ്ണന്റെയും പങ്കിനെക്കുറിച്ച്‌ പോലീസിന്‌ വ്യക്തമായ വിവരങ്ങള്‍ കിട്ടയത്‌.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമെന്ന വിവരം ഇരുവര്‍ക്കും നേരത്തെ അറിയാമായിരുന്നു. ഗൂഢാലോചനയെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ്‍പോലീസില്‍ നിന്ന്‌ ലഭിക്കുന്ന വിവരം. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമെന്ന കാര്യം സി.എച്ച്‌ അശോകനുമായി ഏരിയാകമ്മറ്റി ഓഫീസില്‍ വെച്ച്‌ സംസാരിച്ചിരുന്നതായി കെ. സി.രാമചന്ദ്രന്‍ പ്രത്യേക അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കി. സി.എച്ച്‌.അശോകന്‍ കൊലപാതകത്തിന്‌ അനുമതി നല്‍കിയെന്നും രാമചന്ദ്രന്‍ പറഞ്ഞതായാണ്‌ വിവരം.
ഇത്‌ സംബന്ധിച്ച്‌ മറ്റൊരു നിര്‍ണ്ണായകമായ വിവരവും സിജിത്തില്‍ നിന്നും പോലീസിന്‌ ലഭിച്ചു. 2009 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ്‌ സമയത്തും ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നതായാണ്‌ കഴിഞ്ഞ ദിവസം സിജിത്ത്‌ പോലീസിന്‌ മൊഴി നല്‍കിയത്‌. ഒരാഴ്ചയോളം ടി.പി.യെ വധിക്കുക എന്ന ലക്ഷ്യത്തോടെ പിന്‍തുടര്‍ന്നിരുന്നു.എന്നാല്‍ അന്ന്‌ കൊലപ്പെടുത്താന്‍ സാധിച്ചില്ല. ടി.പി.യെ പിന്‍തുടര്‍ന്നപ്പോഴെല്ലാം കൊലപാതക സംഘത്തിന്‌ വഴികാട്ടിയായി രാമചന്ദ്രന്‍ ഉണ്ടായിരുന്നെന്നും മൊഴിനല്‍കിയിട്ടുണ്ട്‌. അന്ന്‌ കിര്‍മാനി മനോജിന്റെ നേതൃത്വത്തിലായിരുന്നു ടിപിയെ പിന്തുടര്‍ന്നതെന്നും പോലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. സിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം ചോമ്പാല്‍ പോലീസ്‌ കേസെടുത്തു.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.