നടിയെ തട്ടിക്കൊണ്ടു പോയ സംഭവം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു

Saturday 17 June 2017 4:24 pm IST

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. വടിവാള്‍ സലിം, പ്രദീപ്, മണികണ്ഠന്‍, ബിജീഷ്, മനു എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരില്‍ സലീമിനെയും പ്രദീപിനേയും ഇന്ന് കോയമ്പത്തൂരില്‍ നിന്നും നടിയുടെ കാര്‍ ഡ്രൈവറായ തൃശൂര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയും നടിയുടെ മുന്‍ ഡ്രൈവറുമായ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍ കുമാറി (പള്‍സര്‍ സുനി)നായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. നടിയുടെ അര്‍ദ്ധനഗ്‌ന ദൃശ്യങ്ങളെടുത്ത് ബ്‌ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായ മാര്‍ട്ടിന്‍ പോലീസില്‍ മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കേസെടുത്തത്. അതിനിടെ, എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. കേസന്വേഷണത്തിനായി എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിനുളള പുതിയ അന്വേഷണ സംഘം ചുമതലയേറ്റു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, മധ്യമേഖലാ ഐജി പി.വിജയന്‍ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, പള്‍സര്‍ സുനിയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ നടിയുടെ ഭര്‍ത്താവ് രംഗത്ത്. സമാനരീതിയില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി ഉള്‍പ്പെട്ട സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല .തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ സുനി നേരത്തെയും പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.