വനത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: വയനാട് പ്രകൃതി സംരക്ഷണ സമിതി

Sunday 19 February 2017 7:08 pm IST

കല്‍പ്പറ്റ: മുത്തങ്ങ, ചെമ്പ്ര, തോല്‍പ്പെട്ടി, കുറുവ, ബ്രഹ്മഗിരി, സൂചിപ്പാറ തുടങ്ങി വനത്തിലും അതിര്‍ത്തിയിലുമായി വയനാട്ടിലുള്ള മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളും വേനല്‍ കഴിയുന്നതുവരെ അടച്ചിടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചെമ്പ്രമലയില്‍ കഴിഞ്ഞ ദിവസം നിരവധി ഏക്കര്‍ പുല്‍മേടിന്റെ നാശത്തിനു കാരണമായ തീപ്പിടിത്തതിനു ഉത്തരവാദികളെന്ന് കണ്ടെത്തിയ സഞ്ചാരികളെ കേസെടുത്ത് നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്ന ആവശ്യവും ഉന്നയിച്ചു. കര്‍ണാടകയിലെ ബന്ദിപ്പുര ദേശീയോദ്യാനത്തിന്റെ ചില ഭാഗങ്ങളില്‍ കാട്ടുതീ കനത്ത നാശം വിതച്ചതിനെത്തുടര്‍ന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി കൂട്ടത്തോടെ വയനാടന്‍ കാടുകളില്‍ എത്തിക്കൊണ്ടിരിക്കാണ്. വരണ്ടുണങ്ങി നില്‍ക്കുകയാണ് വയനാടന്‍ വനവും. അഭൂതപൂര്‍വമായ വരള്‍ച്ചയും ജലക്ഷാമവും അത്യുഷ്ണവും നേരിടുകയാണ് ജില്ല. ഈ സാഹചര്യത്തില്‍ കാടുകള്‍ കത്തിയാല്‍ ഊഹാതീതമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക. കാട്ടുതീ തടയുന്നതിനുള്ള ഉത്തരവാദിത്തം വനം-വന്യജീവി വകുപ്പിന്റേതു മാത്രമായി കാണുന്നത് ജീവഹത്യാപരമാണ്. പരിമിത അംഗബലവും ഫണ്ടും സംവിധാനങ്ങളുമാണ് വകുപ്പിനുള്ളത്. കാട്ടുതീ ഒഴിവാക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ചുമതല ജില്ലാ ഭരണകൂടം, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, ത്രിതല പഞ്ചായത്തുകള്‍ എന്നിവ ഏറ്റെടുക്കണം. ജില്ലാ കളക്ടര്‍ അധ്യക്ഷനും ജനപ്രതിനിധികള്‍ അംഗങ്ങളുമായ സമിതി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണം. കാടിന്റെ സംരക്ഷണത്തിനു പരിസരവാസികള്‍, അയല്‍ക്കൂട്ടങ്ങള്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ അടിയന്തരമായി രംഗത്തിറക്കണം. വനമേഖലകളിലെ ഗ്രാമസഭകള്‍ ഉടന്‍ വിളിച്ചുചേര്‍ക്കണം. വയനാട് വന്യജീവി സങ്കേതത്തിലെ മുഴുവന്‍ റേഞ്ചുകളിലും നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങളിലും ചെറിയ ഫയര്‍ എന്‍ജിനുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണം. അവ എത്തിച്ചേരുന്നതുവരെ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള അഗ്നി-രക്ഷാസേന യൂണിറ്റുകളെ കാട്ടുതീ പ്രതിരോധത്തിനു സജ്ജമാക്കി നിര്‍ത്തണം. വനം മന്ത്രി ജില്ലയിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തണം-സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.