അമേത്തിയും റായ്ബറേലിയും കുടുംബ വഞ്ചനയുടെ കഥ

Saturday 17 June 2017 1:04 pm IST

 

രാഹുലിന്റെ മണ്ഡലമായ അമേത്തിയിലെ രത്‌വാപൂര്‍ ഗ്രാമം

രാമജന്മഭൂമിയില്‍ നിന്നുള്ള മടക്കയാത്രയിലാണ് അമേത്തിയിലെ രത്‌വാപുര്‍ ഗ്രാമത്തിലെത്തിയത്. ഒറ്റനോട്ടത്തില്‍ ദാരിദ്ര്യം വായിച്ചെടുക്കാവുന്ന ഗ്രാമം. ഓലമേഞ്ഞ വീടുകള്‍. സ്‌കൂളില്‍ പോകാതെ കളിയില്‍ മുഴുകിയിരിക്കുന്ന കുട്ടികള്‍. യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ പത്തോളം പേര്‍ കൂടിയിരുന്ന് സമയം കൊല്ലുന്നു. ”തൊഴിലില്ല, എന്തു ചെയ്യാനാണ്?” അവര്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുലിന്റെ മണ്ഡലമാണ് അമേത്തി.

എംപിയെക്കുറിച്ച് എന്താണഭിപ്രായം? ”വലിയ ആളല്ലെ. ഞങ്ങളെക്കുറിച്ചൊക്കെ ഓര്‍ക്കാന്‍ എവിടെയാണ് സമയം. ഇവിടെയൊന്നും വരാറേയില്ല. ഗ്രാമീണരുടെ ആവശ്യങ്ങള്‍ ആരും അന്വേഷിക്കാറുമില്ല”. ഗ്രാമമുഖ്യന്റെ മകന്‍ സര്‍ജു പ്രസാദാണ് മറുപടി നല്‍കിയത്. ”ഈ വീടുകളൊക്കെ നോക്കൂ”. കൂടെയുണ്ടായിരുന്ന രാംഗോപാല്‍ സിംഗ് ചൂണ്ടിക്കാട്ടി. ഒരാള്‍ക്കു പോലും നല്ലൊരു വീട് നല്‍കാന്‍ എംപിക്ക് സാധിച്ചിട്ടില്ല. നല്ല റോഡില്ല. വെള്ളമില്ല. വൈദ്യുതി മുടക്കം പതിവ്. നിരാശയുടെ സ്വരത്തില്‍ അവരുടെ പട്ടിക നീളുന്നു. വികസനം കാണണമെങ്കില്‍ മോദി അമേത്തിയിലേക്ക് വരണമെന്ന പ്രിയങ്കാ വാദ്രയുടെ വാക്കുകളാണ് പെട്ടെന്ന് ഓര്‍മയിലെത്തിയത്.

അമേത്തിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരമേയുള്ളു സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലേക്ക്. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഇടുങ്ങിയ റോഡുകളിലെ തെരുവ് ജീവിതങ്ങള്‍ വര്‍ഷങ്ങളായി റായ്ബറേലിയുടെ മുഖമുദ്രയാണ്. ”വിവിഐപി എംപിയാണ് ഞങ്ങളുടേത്. പക്ഷെ അതുകൊണ്ട് കാര്യമൊന്നുമില്ല. ദാരിദ്ര്യമാണ് ഞങ്ങളുടെ വിഷയം”. പ്രതീക് യാദവ് പറയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസായ തിലക് ഭവനിലെ അഹങ്കാരികളായ പാര്‍ട്ടി നേതാക്കന്മാരാണ് മറ്റൊരു പ്രത്യേകത.

നെഹ്‌റു കുടുംബം രാജ്യത്തെ വഞ്ചിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് അമേത്തിയും റായ്ബറേലിയും. രണ്ട് തവണ മാത്രമാണ് അമേത്തി കോണ്‍ഗ്രസിനെ കൈവിട്ടത്. ഒന്‍പത് തവണ നെഹ്‌റു കുടുംബം തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് രാഹുല്‍ വിജയിച്ചത്. സോണിയ നാലാമതും തെരഞ്ഞെടുക്കപ്പെട്ട റായ്ബറേലിയില്‍ ഇന്ദിരയും ഫിറോസും വര്‍ഷങ്ങളോളം എംപിമാരായി. വെറും എംപിമാരായിരുന്നില്ല ഇവരാരും. രാജ്യത്തിന്റെ ഭരണചക്രം തിരിച്ചവരോ പിന്നില്‍ നിന്ന് നിയന്ത്രിച്ചവരോ ആയിരുന്നു. നെഹ്‌റു കുടുംബത്തിന് ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ അത് കാണേണ്ടിയിരുന്നത് ഈ മണ്ഡലങ്ങളിലാണ്. ആറ് പതിറ്റാണ്ട് കേന്ദ്രവും നാല് പതിറ്റാണ്ടോളം സംസ്ഥാനവും ഭരിച്ച കോണ്‍ഗ്രസ്സിന് ഇവിടെ അടിസ്ഥാന സൗകര്യ വികസനം പോലും നടപ്പാക്കാനായില്ല.

എന്നിട്ടും എന്തുകൊണ്ടാണ് സോണിയയും രാഹുലും ജയിക്കുന്നത്? വിവിഐപി മണ്ഡലമാകുന്നതും വലിയ ശ്രദ്ധ ലഭിക്കുന്നതും ഗ്രാമീണര്‍ ഇഷ്ടപ്പെടുന്നതായി അധ്യാപകനായ സുരേന്ദ്ര ശര്‍മ പറയുന്നു. നെഹ്‌റു കുടുംബം വിശുദ്ധ പശുക്കളാണെന്ന ധാരണ രാജ്യത്തുണ്ടായിരുന്നു. അടുത്ത കാലത്താണ് ഇത് തകര്‍ന്നത്. ഇവിടെ മാറ്റം തുടങ്ങിയിട്ടേയുള്ളു. വികസനത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിക്കേണ്ടതല്ലെയെന്ന് അദ്ദേഹം ചോദിക്കുന്നു.

അമേത്തിയിലും റായ്ബറേലിയിലും അഞ്ച് വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2012ല്‍ റായ്ബറേലിയില്‍ സംപൂജ്യരായ കോണ്‍ഗ്രസ് അമേത്തിയില്‍ രണ്ട് സീറ്റിലൊതുങ്ങി. കഴിഞ്ഞ ലോക്‌സഭയില്‍ സ്മൃതി ഇറാനി ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷത്തില്‍ രണ്ട് ലക്ഷത്തോളം കുറവുണ്ടായി. എതിരാളികളുടെ പ്രചാരണത്തില്‍ ജനങ്ങള്‍ വീണെന്ന സോണിയയുടെ പ്രഭാരി കെ.എല്‍. ശര്‍മയുടെ വാക്കുകളില്‍ പാര്‍ട്ടി നേരിടുന്ന തിരിച്ചടി നിഴലിക്കുന്നുണ്ട്.

അമിത് ഷാ, രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി തുടങ്ങിയവര്‍ റാലികളുമായി മണ്ഡലത്തില്‍ സജീവമാണ്. ജനങ്ങളുടെ പ്രതിഷേധം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും പരസ്പരം മത്സരിക്കുന്നതും ബിജെപിക്ക് നേട്ടമാണ്. റായ്ബറേലിയില്‍ രണ്ട് തവണയും അമേത്തിയില്‍ ഒരു തവണയും ബിജെപി ജയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.