സൗജന്യ ചികിത്സാ പദ്ധതി: വി.എസ്. ശിവകുമാര്‍ ഉപവസിക്കുന്നു

Saturday 17 June 2017 2:04 pm IST

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് വിദഗ്ധ ചികിത്സ സൗജന്യമായി നല്‍കുന്നതിന് യുഡിഎഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ആരോഗ്യപദ്ധതികള്‍ നിലനിര്‍ത്തണമെന്ന് മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് 25ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും. ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കാത്തതുകാരണം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വിവിധ ചികിത്സാ പദ്ധതികളായ കാരുണ്യ, ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ്, സുകൃതം, ആരോഗ്യകിരണം, അമ്മയും കുഞ്ഞും, ശ്രുതിതരംഗം, താലോലം, അമൃതം ആരോഗ്യം, സൗജന്യ മരുന്ന് വിതരണം എന്നിവ മതിയായ ഫണ്ടിന്റെ അപര്യാപ്തതമൂലം സ്തംഭനാവസ്ഥയിലാണ്. കാരുണ്യ പദ്ധതിക്ക് 854 കോടിരൂപയും സുകൃതം പദ്ധതിക്ക് 16 കോടിരൂപയുമാണ് കുടിശ്ശിക. സാമ്പത്തിക പിന്നാക്കാവസ്ഥമൂലം കേരളത്തിലൊരാള്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പിലാക്കിയത്.ഈ സൗജന്യ പദ്ധതികളെല്ലാം നിര്‍ത്തലാക്കി ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്‍ഷ്വറന്‍സിന്റെ പ്രീമിയത്തിന് ആനുപാതികമായി ചികിത്സാ സഹായം പരിമിതപ്പെടുത്തേണ്ടിവരും. നിലവില്‍ രോഗികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ചികിത്സാ പദ്ധതികള്‍ നിഷേധിക്കരുതെന്നും വരുന്ന ബജറ്റില്‍ മതിയായ തുക അനുവദിക്കണമെന്നും വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.