പൈനൂര്‍ നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍

Sunday 19 February 2017 9:21 pm IST

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ പൈനൂര്‍ പല്ല നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. ഒന്നാം വാര്‍ഡിലെ കല്ലുംകടവ്, പല്ല ബണ്ട് റോഡ്, വള്ളുവന്തറ തുടങ്ങിയ പ്രദേശങ്ങളിലെ കനോലി കനാലിനോട് ചേര്‍ന്നുകിടക്കുന്ന നൂറോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ നരകിക്കുന്നത്. നാലു വര്‍ഷത്തോളമായി ഇവിടത്തുകാര്‍ക്ക് ഈ ദുരിതം തുടങ്ങിയിട്ട്. വേനല്‍ ആരംഭിച്ചതോടെ ഇവിടത്തുകാരുടെ ദുരിതം രൂക്ഷമായി. റോഡരികിലും വീടുകളിലും കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വെള്ളമില്ല. വല്ലപ്പോഴും നൂലിഴപോലെ വരുന്ന വെള്ളം പിടിച്ചുവെയ്ക്കണമെങ്കില്‍ പാതിരാത്രിയില്‍ ഉറക്കമൊഴിച്ചിരിക്കുകയും വേണം. കിണറുകളിലും ഫില്‍റ്റര്‍ പൈപ്പുകളിലും ഉപ്പുവെള്ളം നിറയുന്നതിനാല്‍ ഇതുപയോഗിക്കാനാകില്ല. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് വേണം വെള്ളം ശേഖരിക്കാന്‍. നാട്ടിക ഫര്‍ക്ക ശുദ്ധജല വിതരണ പദ്ധതിയിലൂടെയാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത്. പൈപ്പ് ലൈനില്‍ വേണ്ടത്ര മര്‍ദ്ദമില്ലാത്തതാണ് ഇവിടേയ്ക്ക് വെള്ളമെത്താത്തതിന് കാരണമെന്ന് പറയുന്നു. പല തവണ പഞ്ചായത്ത് ജനപ്രതിനിധികളെ വിവരം ധരിപ്പിച്ചെങ്കിലും ഇനിയും പരിഹാരമായിട്ടില്ല. പഞ്ചായത്ത് തയ്യാറാക്കിയ കടലായിക്കുളം പദ്ധതിക്കായി എം.പി ഫണ്ടില്‍നിന്ന് 68 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.