ദേശീയഗാനം ഭാരതീയന്റെ വികാരമാകണം

Saturday 17 June 2017 1:34 pm IST

ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും ദേശീയപതാകയും ദേശീയഗാനവും ഉണ്ട്. ഭാരതത്തിനും ദേശീയഗാനവും ദേശീയ പതാകയും ഉണ്ട്. അശോക ചക്രം ആലേഖനം ചെയ്ത ത്രിവര്‍ണ്ണപതാക ദേശീയപതാകയും രവീന്ദ്രനാഥ ടഗോര്‍ രചിച്ച 'ജനഗണമന' നമ്മുടെ ദേശീയഗാനവുമാണ്. ഇവ രണ്ടും നമ്മുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളേയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദേശീയപതാക പാറിക്കുമ്പോള്‍ അത് ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവ് പ്രകടിപ്പിക്കാനായി എണീറ്റ് അറ്റന്‍ഷനായി നില്‍ക്കണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. ഇതൊക്കെ മാതൃരാജ്യത്തോടുള്ള ആദരവിന്റെ ഭാഗമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോള്‍ നമ്മുടെ ദേശീയഗാനത്തെയും ദേശീയപതാകയെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഭരണഘടനയില്‍ ദേശീയഗാനത്തെയും ദേശീയപതാകയെയും ആദരിക്കണമെന്ന് ഭരണഘടനാ ശില്‍പികള്‍ എഴുതിവച്ചിട്ടുള്ളത് ഇപ്പോഴത്തെ തലമുറയെയും വരുംതലമുറയെയും ലക്ഷ്യമാക്കിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി വാതോരാതെ സംസാരിക്കുകയും ഇവ കൈപ്പറ്റുകയും ചെയ്യുന്നവര്‍ കടമകള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുകയാണ്. സിനിമാ ശാലകളില്‍ ചിത്രപ്രദര്‍ശനത്തിനു മുന്നോടിയായി ദേശീയഗാനം കേള്‍പ്പിക്കുന്നതിനെതിരെ കുറച്ചാളുകള്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ദേശീയഗാനം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ഇവരുടെ വാദം. ദേശീയഗാനം ഏതൊരു അവസ്ഥയിലാണെങ്കിലും കേട്ടാല്‍ അറ്റന്‍ഷനായി നില്‍ക്കുന്ന കീഴ്‌വഴക്കമാണ് നമുക്കുള്ളത്. അത് ആത്മാഭിമാനത്തെയും ഇന്ത്യ ഒരൊറ്റ ജനതയാണെന്നതിനെയും നമ്മുടെ ആത്മവിശ്വാസത്തെയുമൊക്കെയാണ് സൂചിപ്പിക്കുന്നത്. വെറും 52 സെക്കന്റ് എണീറ്റുനില്‍ക്കുമ്പോള്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ പതിനായിരങ്ങളെയാണ് നാം സ്മരിക്കേണ്ടത്. അവരുടെ ആത്മസമര്‍പ്പണത്തിന്റെ ത്യാഗത്തിന്റെ സ്മരണകളാണ് മനസുകളില്‍ ഉയരേണ്ടത്. അതൊന്നുമില്ലാതെ ഗാനമായി മാത്രം ദേശീയഗാനത്തെ ഉള്‍ക്കൊള്ളുന്നതിന്റെ ഫലമാണ് ഇത്തരം എതിര്‍പ്പുകള്‍. ദേശീയഗാനം കേള്‍ക്കുമ്പോള്‍, ദേശീയപതാക കാണുമ്പോള്‍ അതിനെ ആദരിക്കണം എന്നു പറയേണ്ടി വരുന്നതും അതിനായി നിയമം നിര്‍മ്മിക്കേണ്ടിവന്നതും ഇത്തരം കാര്യങ്ങളോട് സ്വയമേ കാണിക്കേണ്ട പക്വത മാനസിക തലങ്ങളില്‍ നമുക്ക് ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവാണ്. ഇവിടെ ഇത്തരം പ്രവൃത്തികള്‍ കാണിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍ അവിടുത്തെ നിയമങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെ, ഓരോരുത്തരും വിശ്വസിക്കുന്ന ജാതിയുടെ, മതത്തിന്റെ, രാഷ്ട്രീയ കക്ഷിയുടെ പതാകയോ മറ്റോ ഇത്തരത്തില്‍ അവഹേളിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന കോലാഹലങ്ങള്‍ നിത്യവും നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ഗാന്ധിജിയോ സുബാഷ് ചന്ദ്രബോസോ ഭഗത്‌സിംഗോ ചന്ദ്രശേഖര്‍ ആസാദോ ഒന്നും ഹീറോകളല്ല. ദേശീയഗാനം കേള്‍ക്കാന്‍ വിമുഖതയുള്ളവരില്‍പ്പെട്ടവരെ മദ്യശാലക്കുമുന്നില്‍ എത്രനേരം വേണമെങ്കിലും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കൊപ്പവും കാണാന്‍ കഴിയും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ നില്‍ക്കുന്നവരിലും ഇവരില്‍പ്പെട്ടവരെ കാണാന്‍ കഴിയും. കൊടും ശൈത്യത്തില്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനിക ലക്ഷങ്ങള്‍ക്ക് ആവേശം പകരുന്നത് ദേശീയഗാനവും ദേശീയപതാകയുമൊക്കെയാണ്. ദേശീയ ഗാനത്തെയും ദേശീയ പതാകയെയും എതിര്‍ക്കുകയെന്നാല്‍ സ്വന്തം ആത്മാഭിമാനത്തെതന്നെ എതിര്‍ക്കുന്നതിനു തുല്യമാണ്. ഇതിനു ചികിത്സയും മരുന്നും നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള മരുന്നാണ് 1971ലെ നാഷണല്‍ ഹോണര്‍ ആക്ട്, 1950ലെ ചിഹ്ന നാമ ആക്ട്, 2002ലെ ഫ്‌ളാഗ് കോഡ് മുതലായവ. ദേശീയഗാനം, ദേശീയപതാക ഇവ തന്റെയും കൂടിയാണ് എന്നുള്ള ചിന്ത ഓരോരുത്തരിലും ജനിക്കണം. അല്ലെങ്കില്‍ അതിനുള്ള നടപടി സര്‍ക്കാരുകള്‍ സ്വീകരിക്കണം. ഇതോടൊപ്പം ഒരു വര്‍ഷത്തെ നിര്‍ബന്ധിത സൈനികസേവനം നടപ്പാക്കുകയും വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.