നടുവില്‍ മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നതായി ആരോപണം

Sunday 19 February 2017 10:09 pm IST

നടുവില്‍: നടുവില്‍ മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നതായി ആരോപണം. സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖകളിലൊന്നാണ് നടുവില്‍. ഇത്തരം മേഖലകളില്‍ സംഘര്‍ഷമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശാനുസരണമാണ് ഈ മേഖലകളില്‍ സിപിഎം സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നത്. കഞ്ചാവ്, മദ്യവില്‍പ്പന സംഘത്തില്‍പ്പെട്ട ഒരുപറ്റം യുവാക്കളാണ് ഈ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. ഇവര്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വം പിന്തുണ നല്‍കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരിലും അതൃപ്തിയുളവാക്കിയിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ കോണ്‍ഗ്രസ്സ്-സിപിഎം സംഘര്‍ഷം ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ചില മേഖലകളില്‍ ലീഗിന്റെ പ്രവര്‍ത്തനം ശക്തമായതോടെ പിന്നീട് സിപിഎം-ലീഗ് സംഘര്‍ഷം ഉടലെടുത്തു തുടങ്ങി. 94 മുതല്‍ സംഘപരിവാര്‍ സംഘടനകളുമായും സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. നടുവില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം സജീവമാണ്. കുടിയേറ്റ മേഖലകളായ കണ്ണാടിപ്പാറ, മാമ്പള്ളം, അരങ്ങ്, കൊട്ടച്ചോല, പുലിക്കുരുമ്പ, മണ്ഡളം, കുടിയാന്മല തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം നിരവധി സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളില്‍ ഒഴുകിയെത്തിയതോടെ സിപിഎമ്മിന്റെ അടിത്തറ ഇളകാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ സംഘര്‍ഷത്തിന് പ്രധാന കാരണം. ഒരുപറ്റം യുവാക്കളാണ് ഈ മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെക്കുന്നത്. ഇവര്‍ക്ക് നേതൃത്വം ഒത്താശ ചെയ്തുകൊടുക്കുകയാണ്. സംഘര്‍ഷമുണ്ടാക്കി വ്യാജ പ്രചാരണം നടത്തി രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇവര്‍ പലപ്പോഴും നടത്തിവരാറുള്ളത്. കഴിഞ്ഞ ദിവസം നടുവില്‍ എലവഞ്ചേരി മുത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ണാടിപ്പാറയിലെ പ്രജീഷിനെ ഒരുസംഘം സിപിഎമ്മുകാര്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഓടിരക്ഷപ്പെടാന്‍ സാധിച്ചതിനാലാണ് ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഈ സംഭവത്തിലെ പ്രതികളെ നാട്ടുകാര്‍ പിടികൂടിയിരുന്നു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന വ്യാജ പ്രചാരണം നടത്തി ഈ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചത്. ഈ കേസില്‍ സാക്ഷി പറയാനായി ഇന്നലെ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ പോയി മടങ്ങുകയായിരുന്ന നടുവില്‍ സ്റ്റേഡിയത്തിന് സമീപത്തെ ഓട്ടോത്തൊഴിലാളി കോട്ടമാലി അമലിനെ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇയാള്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടിയാന്മല പോലീസ് അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. സിപിഎം നേതാക്കളുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ് പോലീസ്. അതുകൊണ്ടുതന്നെ സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നത് പോലീസ് പതിവാക്കിയിരിക്കുകയാണ്. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടിയുണ്ടായാല്‍ നടുവില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ പരിഹാരമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.