സര്‍ക്കാര്‍ ഉണരണം

Saturday 17 June 2017 1:24 pm IST

ഇടതുമുന്നണി അധികാരത്തിലെത്തിയതിനു പിന്നില്‍ പെരുമ്പാവുരിലെ ജിഷ എന്ന പാവം പെണ്‍കുട്ടിയുടെ ദുരവസ്ഥയുടെ പേരില്‍ ഒഴുക്കിയ കണ്ണീരുമുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തികാട്ടി വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടിയ ഇടതു മുന്നണിയെ ജനം ജയിപ്പിച്ചു.എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ന്നു. സ്ത്രീകള്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമെതിരെ പീഡനങ്ങള്‍ വര്‍ദ്ധിച്ചു. പിണറായി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നതിനു തെളിവായി ഒന്നിനുപുറമെ ഒന്നായി സംഭവങ്ങള്‍. സി പി എം ഓഫീസില്‍ ദളിത് സഹോദരിമാര്‍ക്ക്് അപമാനിക്കുക, പാലക്കാട് വീട്ടമ്മയെ ചുട്ടരിച്ച് കൊല്ലുക, സ്‌ക്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുക, ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതിന് മുസ്‌ളിം യുവതിയുടെ വസ്ത്രം വലിച്ചുകീറി ആക്രമിക്കുക, കോളേജിനുള്ളില്‍ സുഹൃത്തിനോടൊന്നിച്ചിരുന്നതിന് വിദ്യാര്‍ഥിനികളെ മാനഭംഗപ്പടുത്തുക. കേരളത്തിന് അപമാനംവരുത്തുന്ന സംഭവങ്ങളാണിതെല്ലാം. അതില്‍ ഏറ്റവും ഒടുവിലത്തെതാണ് കൊച്ചിയില്‍ സിനിമാ നടിക്ക് നേരെ ഉണ്ടായ അതിക്രമം. പ്രമുഖ വ്യക്തികള്‍ക്ക് പോലും സുരക്ഷയില്ലാത്ത നാടായി കേരളം മാറി. കേരളത്തില്‍ ഇറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടു മാസത്തിനിടെ 700 എഫ്‌ഐആറുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയത്ത്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നിയമത്തെ ആരും ഭയപ്പെടുന്നില്ല. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ തന്നെ സദാചാര ഗുണ്ടായിസം നടത്തുകയാണ്. പൊലീസ് നിഷ്‌ക്രിയത്വം പാലിച്ച് ഇത്തരം സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്്. പാലക്കാടും തൃശൂരും നടന്ന കൊലപാതകങ്ങളില്‍ പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിനായില്ല.ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നു. ഗുണ്ടകളും സിപിഎം നേതാക്കളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കടുത്ത നടപടികളില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കുന്നത്. ഗുണ്ടകളുടെ സംരക്ഷകരായി ഭരണ വര്‍ഗ്ഗം മാറിയിരിക്കുകയാണ്. സംസ്ഥാനം ക്രമസമാധാന തകര്‍ച്ചയെ നേരിടുമ്പോള്‍ ആഭ്യന്തര മന്ത്രി മൗനം പാലിക്കുകയാണ്. ഇത് നിഷേധാത്മകമാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാലെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്.രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പുരുഷന്മാരെ കിട്ടിയില്ലെങ്കില്‍ വീട്ടില്‍ കയറി സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കാം എന്ന നിലയിലേക്ക് ഭരിക്കുന്ന പാര്‍ട്ടി അധപതിച്ചിരിക്കുന്നു.ഭരണകൂടത്തിന്റെ എല്ലാ ഒത്താശകളോടെയും ഒരു വശത്ത് ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. പോലീസ് പാര്‍ട്ടിയുടെ ചൊല്‍പ്പടില്‍ നിര്‍്ത്താനുള്ള ശ്രമം കുട്ടി സഖാക്കള്‍ ശക്തമാക്കുകയും അതിനെ മറികടക്കാനുള്ള ആര്‍ജ്ജവം ലോകനാഥ ബഹ്‌റയുടെ പോലീസ് കാണിക്കാതിരിക്കുകയുമാണ്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം ചവറയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എ.എസ്.ഐയേയും സിവില്‍ പൊലീസ് ഓഫീസറേയും മര്‍ദ്ദിച്ച സംഭവം. മോക്ഡ്രില്‍ നടക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സം ഒഴിവാക്കാന്‍ പോലും പൊലീസിന് അധികാരമില്ലാത്ത നാടായി കേരളം മാറി. യാതൊരു പ്രകോപനവുമില്ലാതെയാണ് കേരളത്തിലെമ്പാടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. എന്തു ചെയ്താലും പാര്‍ട്ടി സംരക്ഷിക്കുമെന്ന ധാര്‍ഷ്ട്യമാണ് എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പടെയുള്ള ഇടത് പ്രവര്‍ത്തകര്‍ക്കുള്ളത്. പൊലീസുകാരെ മര്‍ദ്ദിച്ച ഗുണ്ടകളെ പിടികൂടാന്‍ പോലും പൊലീസിന് ഭയമാണ്. അതാണ് സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത് നോക്കി നില്‍ക്കാന്‍ മറ്റ് പൊലീസുകാരെ നിര്‍ബന്ധിതരാക്കിയത്. പൊലീസിനെ മര്‍ദ്ദിച്ച പ്രതിയെ പിടികൂടിയ എസ്.ഐക്ക് സ്ഥലം മാറ്റമാണ് പാര്‍ട്ടി ഇടപെട്ട് നല്‍കിയത്. ഇതോടെ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും പൊലീസിന് സ്വാതന്ത്ര്യമില്ലാതായി. കേരളത്തില്‍ ജനാധിപത്യമല്ല ഗുണ്ടാരാജാണ് നടമാടുന്നതെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലം കടയ്ക്കലിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം. കടയ്ക്കലില്‍ നിരപരാധിയായ രവീന്ദ്രനാഥിനെ പൊലീസിന്‍രെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്. പൊലീസ് ഇടപെട്ടിരുന്നുവെങ്കില്‍ മുന്‍ സബ്ഇന്‍സ്‌പെക്ടര്‍ കൂടിയായ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. മുന്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ പോലും പൊലീസ് തയ്യാറാകാത്തത് അവര്‍ മറ്റാരുടേയോ ആജ്ഞ അനുസരിക്കുന്നത് കൊണ്ടാണെന്ന് വ്യക്തം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ മോഹന്‍ലാല്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. മെഴുകുതിരിയേന്തിയിട്ടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ഇനി ഇത്തരം ക്രൂരതകള്‍ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാന്‍പോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.ഇനിയൊരു പെണ്‍കുട്ടിക്കു നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നാണ് സുരേഷ് ഗോപി ഗോപി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. സ്ത്രീയെ അമ്മയായും സഹോദരിയായും ദേവതയായും പരിഗണിച്ചുപോരുന്ന രാജ്യത്ത് സ്ത്രീപീഡനമെന്ന വാര്‍ത്തയില്‍പ്പരം അശ്ലീലം മറ്റൊന്നില്ല. അത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉണരണം. അതിനായി ഏതറ്റംവരെ പോയാലും സമൂഹം ഒന്നടങ്കം പിന്തുണയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.