ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Saturday 17 June 2017 1:22 pm IST

വഡോദര: ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് വഡോദരയില്‍ തുടക്കം. ഇന്ന് 10 ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗതയേറിയ താരങ്ങളെയും ഇന്ന് നിര്‍ണ്ണയിക്കും. പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ച സ്‌കൂള്‍ മീറ്റിലെ സീനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങള്‍ കഴിഞ്ഞ മാസം പൂനെയിലെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആറാമതായി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിദ്യാഭാരതി, സിബിഎസ്ഇ, ഐപിഎസ്ഇ ഉള്‍പ്പടെ 42 ടീമുകളാണ് വഡോദരയിലെ മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കുന്നത്. 53 അംഗ സംഘമായിരുന്നു കേരളത്തിനായി ജൂനിയര്‍ മീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ നാലുപേര്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി പിന്മാറിയതോടെ അംഗങ്ങളുടെ എണ്ണം 49 ആയി. ഉഷ സ്‌കൂളിലെ അതുല്യ ഉദയനും ടി. സൂര്യമോള്‍ക്കും പിന്നാലെ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി അഞ്ജലിയും കുളത്തുവയല്‍ സ്‌കൂളിലെ വിഗ്നേഷ് നമ്പ്യാരും ടീമില്‍ നിന്നും പിന്‍മാറി. എങ്കിലും കേരളം തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന മീറ്റില്‍ 120 പോയിന്റുമായി നേടിയ കിരീടം നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് താരങ്ങളും ഒഫീഷ്യലുകളും. കേരളത്തിന് വേണ്ടി പെണ്‍കുട്ടികള്‍ 85 പോയിന്റും ആണ്‍കുട്ടികള്‍ 35 പോയിന്റും നേടിയിരുന്നു. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ജൂനിയര്‍ മീറ്റിലും കേരളം കിരീട പ്രതീക്ഷയില്‍ തന്നെയാണ്. ഇതിനിടെ കായിക മേളയും പരീക്ഷയും ഒരു പോലെ വന്നത് കായിക താരങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങൡ നിന്നുള്ള താരങ്ങളാണ് കേരളത്തിന് ട്രാക്കിലും ഫീല്‍ഡിലും പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക. ഒപ്പം കനത്ത ചൂടും കേരളത്തിന് വെല്ലുവിളിയായേക്കും. 36 ഡിഗ്രിയാണ് വഡോദരയിലെ താപനില. ഇത്തവണ മികച്ച സൗകര്യമാണ് കേരള താരങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ആദ്യം സ്റ്റേഡിയത്തിന് സമീപത്തുള്ള സ്‌കൂളിലാണ് കേരള ടീമിന് താമസൗകര്യം നല്‍കിയിരുന്നതെങ്കിലും മലയാളിയായ മീറ്റ് മാനേജര്‍ കെ.എസ്. അജിമോന്‍ ഇടപെട്ട് വിശാലമായ സമ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലേക്ക് മാറ്റിയത് അനുഗ്രഹമായി. എയര്‍ കണ്ടീഷന്‍ഡ് മുറികളിലാണ് കുട്ടികള്‍ താമസിക്കുന്നത്. എന്നാല്‍ മത്സരം നടക്കുന്ന വേദിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് താമസം. മുന്‍ മീറ്റുകളിലെപ്പോലെ പാചകക്കാരെ വച്ച് സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുകയാണ് കേരള ടീം. സഹായവുമായി ബറോഡ മലയാളി സമാജം പ്രവര്‍ത്തകരുമെത്തി. ആദ്യമായാണ് സ്‌കൂള്‍ മീറ്റിനുള്ള കേരള ടീമിന് ഇത്ര സൗകര്യങ്ങള്‍ ലഭിക്കുന്നതെന്ന് ടീം ചീഫ് മാനേജര്‍ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് സ്‌കൂളിലെ കായികാദ്ധ്യപകന്‍ അനീഷ് പറഞ്ഞു. ഇന്ന് പത്ത് ഫൈനലുകള്‍ വഡോദര: ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം പത്ത് ഫൈനലുകള്‍. കിരീടം നിലനിര്‍ത്താനിറങ്ങുന്ന കേരളം ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് ട്രാക്കിലും ജമ്പിങ്ങ് പിറ്റിലുമായി ഇറങ്ങുന്നത്. ആണ്‍-പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, ഹാമര്‍ത്രോ, ഹൈജമ്പ്, 100 മീറ്റര്‍, 800 മീറ്റര്‍ ഫൈനലുകളാണ് ആദ്യദിനം നടക്കുക. നൂറുമീറ്റര്‍ ഹീറ്റ്‌സ് രാവിലെയും സെമി, ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരവുമായി നടക്കും. രാവിലെ ഏഴരയ്ക്ക് പെണ്‍കുട്ടികളുടെ 3000 മീറ്ററോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പതിവുപോലെ പെണ്‍കുട്ടികളിലാണ് മെഡല്‍പ്രതീക്ഷ കൂടുതല്‍. ഇന്ന് 3000, 800 മീറ്ററുകളില്‍ മത്സരിക്കുന്ന കല്ലടി സ്‌കൂളിലെ സി. ചാന്ദ്‌നി ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. സംസ്ഥാന മീറ്റില്‍ 800 മീറ്ററില്‍ 2 മിനിട്ട് 14.01സെക്കന്‍ഡിലാണ് ചാന്ദ്‌നി ഫിനിഷ് ചെയ്തിരുന്നത്. ഈ മികവ് നിലനിറുത്തിയാല്‍ സ്വര്‍ണ്ണമണിയാമെന്നാണ് പ്രതീക്ഷ. പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാറും ജിഷ്‌ന. എം എന്നിവരും മത്സരിക്കാനിറങ്ങും. ഇരുവരും കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ മത്സരിക്കാനിറങ്ങുന്ന ടീം ക്യാപ്ടന്‍ അപര്‍ണ റോയ്‌യിലും സോഫിയ സണ്ണിയിലും കേരളം പ്രതീക്ഷവയ്ക്കുന്നു. സംസ്ഥാനമീറ്റില്‍ അപര്‍ണയെ പിന്തള്ളി സോഫിയയാണ് സ്വര്‍ണം നേടിയിരുന്നത്. ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ സി. അഭിനവും അഖില്‍ പി.എസുമാണ് കേരളത്തിനായി ഇറങ്ങുന്നത്. 800 മീറ്ററില്‍ അഭിഷേക് മാത്യുവും കെ.എ. അഖിലും ഇറങ്ങും. ഹാമര്‍ത്രോയില്‍ പറളി സ്‌കൂളിലെ ശ്രീവിശ്വവും അലക്‌സ് ജോസഫവും പ്രതീക്ഷയിലാണ്. ഹൈജമ്പില്‍ ശ്രീകാന്തും ജിത്തുജോണ്‍സണും കേരളത്തിനായി പോരിനിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.