നടിക്കെതിരായ അക്രമം: പിന്തുണയുമായി സിനിമാ ലോകം

Saturday 17 June 2017 1:06 pm IST

നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഇന്നസെന്റ് എംപി സംസാരിക്കുന്നു

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം. നടി ഒറ്റക്കല്ലെന്നും പിന്തുണയുമായി തങ്ങള്‍ ഒപ്പമുണ്ടെന്നും കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവര്‍ പ്രഖ്യാപിച്ചു. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, മാക്ട തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തോടെയായിരുന്നു കൂട്ടായ്മ.

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയര്‍ പറഞ്ഞു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ ഒരു സാഹചര്യം ഏതൊരു പെണ്‍കുട്ടിക്കും വരാം. പക്ഷെ ആ കുട്ടിയുടെ മനോധൈര്യം അത്ഭുതപ്പെടുത്തിയെന്നും മഞ്ജു പറഞ്ഞു.

ആക്രമിക്കപ്പെട്ട സംഭവം ഒളിച്ചുവെക്കാതെ ബന്ധപ്പെട്ടവരെ അറിയിച്ച സഹപ്രവര്‍ത്തക പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘പ്രതിരോധത്തിന്റെ ആ നാളം ഞങ്ങള്‍ ഓരോരുത്തരും ഏറ്റുവാങ്ങുകയാണ്. പൗരുഷം എന്നത് സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിലല്ല. മറിച്ച് അവളെ സംരക്ഷിക്കുന്നതിലാണ്. നീ ഒറ്റയ്ക്കല്ലെന്നും ഒരു വലിയ സമൂഹം ഒപ്പമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ഇങ്ങനെയൊന്നും കേരളത്തില്‍ നടക്കില്ലെന്ന മലയാളിയുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ പ്രഹരമാണ് ഇതെന്ന് കമല്‍ അഭിപ്രായപ്പെട്ടു. സൗമ്യ സംഭവവും ഇതുമൊക്കെയോര്‍ത്ത് കേരളം ലജ്ജിക്കണം. സിനിമാക്കാര്‍ക്കിടയില്‍ ക്രിമിനല്‍വല്‍ക്കരണം നടക്കുന്നുവെന്നത് നമുക്കെല്ലാമുള്ള അപായസൂചനയാണെന്നും സഹപ്രവര്‍ത്തകരോട് കമല്‍ പറഞ്ഞു.

ഇത്രയും കാലമായി സിനിമ ഇവിടെ തുടങ്ങിയിട്ട്. ആദ്യമായാണ് ഇത്തരം ദാരുണമായ കാര്യം ഉണ്ടാകുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ കാണാറുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഉണ്ടാവാറില്ല. സംഭവത്തില്‍ വലിയ ദുഃഖമുണ്ട്. നമ്മളെല്ലാം അവര്‍ക്കൊപ്പമുണ്ട്. ഇത്തരം സംഭവങ്ങളെ ഉല്‍സവമായി ആഘോഷിക്കുന്നത് ശരിയല്ല.

തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. കാര്യങ്ങള്‍ പൊലീസ് ഭംഗിയായി ചെയ്യുന്നുണ്ട്, അതിന് സമയമെടുക്കുമായിരിക്കും. എന്നാല്‍, പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതുപോലും ഉണ്ടാവരുത്. ഇനിയൊരിക്കലും ഇത്തരമൊരു വിപത്ത് ഉണ്ടാവരുത്. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഇന്നസെന്റ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ജയസൂര്യ, മനോജ്.കെ. ജയന്‍, ദിലീപ്, കാളിദാസന്‍, സിദ്ധിഖ്, സുരേഷ് കൃഷ്ണ സംവിധായകരായ കമല്‍, രഞ്ജിത്ത്, ജോഷി, മേജര്‍ രവി, ലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പി. രാജീവ്, ഹൈബി ഈഡന്‍ എംഎല്‍എ, പി.ടി. തോമസ് എംഎല്‍എ എന്നിവരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.