നടിയെ പീഡിപ്പിക്കാന്‍ ശ്രമം; നടന്നത്‌ 30 ലക്ഷത്തിന്റെ ക്വട്ടേഷന്‍

Saturday 17 June 2017 1:02 pm IST

പ്രതികള്‍ സഞ്ചരിച്ച വാന്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധിക്കുന്നു

കൊച്ചി: പ്രമുഖ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വഴിത്തിരിവ്. ഇതിന് 30 ലക്ഷം രൂപയുടെ ക്വട്ടേഷന്‍. സംഭവത്തിനു ശേഷം മുഖ്യപ്രതി പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടത് സിനിമാക്കാരെ.

കേസില്‍ രണ്ടു പേരെ കൂടി ഇന്നലെ പോലീസ് പിടികൂടി. വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്ത്. ഇവരില്‍ സലീം, തമ്മനം ഷാജിയുടെ അനുയായി. പ്രധാനപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ നാലുപേരെകൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പിടിയിലായവര്‍ പോലീസിനോടു പറഞ്ഞു. സുനി വിളിച്ചിട്ടാണ് വന്നതെന്നും ഇവര്‍ പറഞ്ഞു. ഏഴുപേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. ഇതില്‍ നിന്ന് അക്രമികളുടെ വസ്ത്രങ്ങളും വിരലടയാളവും തലമുടി നാരുകളും കണ്ടെത്തി. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിച്ചിരുന്ന ടെമ്പോ ട്രാവലര്‍ മൂന്ന് ദിവസം മുന്‍പാണ് സിനിമ ആവശ്യത്തിനായി വാടകയ്‌ക്കെടുത്തത്.

വെള്ളിയാഴ്ച രാത്രി 9.30ന് അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ദേശീയപാത പറമ്പയത്തിനടുത്തു നിന്നാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയുടെ കാര്‍ ഡ്രൈവറായിരുന്ന കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണി(24)യെ അന്ന് രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.