ആലപ്പുഴയിലെ ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതം - ചെന്നിത്തല

Sunday 10 July 2011 4:20 pm IST

ആലപ്പുഴ: ആലപ്പുഴയില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റിനെതിരെ ഒരു സമരം നടത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിനെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കു. എം.എല്‍.എ എന്ന നിലയ്ക്ക് തന്റെ മണ്ഡലത്തിലും കൂടുതല്‍ കാര്യങ്ങള്‍ വേണമെന്നുണ്ട്. എന്നാ‍ല്‍ ബജറ്റില്‍ അവഗണയുണ്ടെന്ന് കാണിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. മത്സ്യമേഖലയെ സംബന്ധിച്ചു ബജറ്റില്‍ പ്രശ്നങ്ങളുണ്ട്. ഇതു ധനകാര്യമന്ത്രി കെ.എം. മാണിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. രാഷ്ട്രീയ സമരമാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെങ്കില്‍ യു.ഡി.എഫും അതിന് തയാറാണെന്ന് അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റില്‍ ആലപ്പുഴ ജില്ലയ്ക്ക് മതിയായ പ്രാധാന്യം ലഭിച്ചില്ലെന്നാരോപിച്ച് ചൊവ്വാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.