ബിജെപി പേരയം പഞ്ചായത്ത് പ്രസിഡന്റിനെ കുത്തി

Monday 20 February 2017 4:39 pm IST

കുണ്ടറ: ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടുപേരെ സിപിഎമ്മുകാര്‍ കുത്തിപരിക്കേല്‍പ്പിച്ചു. പേരയം പഞ്ചായത്ത് സമിതി പ്രസിഡന്റ് കരിക്കുഴി ജോസ്മിന്‍ പാരഡൈസില്‍ ജോസുകുട്ടി(46), കുണ്ടറ എമ്മാനുവല്‍ ഡേലില്‍ മനു(26) എന്നിവരെയാണ് ഓട്ടോറിക്ഷയിലെത്തിയ സിപിഎം ക്രിമിനലുകള്‍ കുത്തിപരിക്കേല്‍പ്പിച്ചത്. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പ്രകടനത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. സിപിഎം പ്രവര്‍ത്തകന്‍ സുധാകരന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് ജോസ്‌കുട്ടി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കുണ്ടറയിലും പരിസരപ്രദേശങ്ങളിലും ഹര്‍ത്താലിനോടനുബന്ധിച്ച് സിപിഎം നേതൃത്വം കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതറിഞ്ഞ പേരയം പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ജോസുകുട്ടി കാഞ്ഞിരകോട് ഭാഗത്ത് തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് ഓട്ടോയില്‍ എത്തിയ സുധാകരന്റെ നേതൃത്വത്തില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരെ ഹര്‍ത്താല്‍ നടത്താന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് ആക്രോശിച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവം കണ്ട് തടസം പിടിക്കാന്‍ ചെന്ന പോസ്റ്റുമാന്‍ മനുവിനെയും ഇവര്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആളുകൂടിയപ്പോള്‍ ഇവര്‍ ഓട്ടോയില്‍ രക്ഷപെട്ടു. സുധാകരന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇടത് തോളിന് പിറകില്‍ ആഴത്തില്‍ നാല് കുത്തേറ്റ ജോസുകുട്ടിയെ ബിജെപി പ്രവര്‍ത്തകര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ കുത്തേറ്റ മനുവിന് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. വിവരമറിഞ്ഞ് കുണ്ടറ മണ്ഡലം പ്രസിഡന്റ് നെടുമ്പന പി.ശിവന്‍, ജനറല്‍സെക്രട്ടറി ആര്‍.ദേവരാജന്‍, ജില്ലാകമ്മറ്റി അംഗം സുകുമാരന്‍, പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി സജീവ്ചന്ദ്രന്‍, കര്‍ഷകമോര്‍ച്ച കുണ്ടറ മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍ബോയി, സെക്രട്ടറി സുനില്‍കുമാര്‍, ബിജെപി കുണ്ടറ മണ്ഡലം സെക്രട്ടറി ശ്രീമുരുകന്‍, ന്യൂനപക്ഷ മോര്‍ച്ച കുണ്ടറ മണ്ഡലം സെക്രട്ടറി വിനോദ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രാമു, പേരയം പഞ്ചായത്ത് സമിതി സെക്രട്ടറി ഗോപീഷ്‌കുമാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗിരീഷ്‌കുമാര്‍ എന്നിവര്‍ ജോസുകുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.