പെട്രോള്‍ വില വര്‍ദ്ധന ഉടന്‍ പിന്‍‌വലിക്കില്ല

Friday 25 May 2012 4:22 pm IST

ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ദ്ധന ഭാഗികമായി പിന്‍‌വലിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുമെന്ന് സൂചന. പെട്രോളിയം മന്ത്രി ജയ്‌പാല്‍ റെഡ്ഡി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങുമായി ഇന്ന് ഇതേക്കുറിച്ച് ചര്‍ച്ച നടത്തി. പെട്രോളിന്റെ വിലയില്‍ എന്നത്തേയും വലിയ വര്‍ദ്ധനവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. ഒറ്റയടിക്ക് ഏഴ് രൂപയോളം വര്‍ദ്ധിപ്പിച്ച നടപടി സാധാരണ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതുമാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു വരുന്ന ഘട്ടത്തിലാണ് എണ്ണക്കമ്പനികള്‍ ലാഭനഷ്ടം ചൂണ്ടിക്കാട്ടി വില കൂട്ടിയത്. ജൂണ്‍ മാസത്തോടെ അന്താരഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷ. എന്തായാലും പെട്രോളിന്റെ വില വര്‍ദ്ധന ഭാഗികമായി പിന്‍‌വലിക്കാന്‍ അതു വരെ കാത്തിരിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. കൂട്ടിയ ആറ് രൂപ 28 പൈസയില്‍ രണ്ട് മുതല്‍ മൂന്ന് രൂപ വരെ കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനിടെ പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പാര്‍ട്ടിയുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തില്ലെന്ന് പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഭാരത് ബന്ദും പൊതു പണിമുടക്കും പ്രഖ്യാപിച്ചിരിക്കുകയാണ്. യു.പി.എ സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.