കെഎസ്ടിപി രണ്ടാംഘട്ടം; ലോകബാങ്ക് പിന്‍വാങ്ങി

Saturday 17 June 2017 9:36 am IST

  തിരുവനന്തപുരം: കെഎസ്ടിപി റോഡ് വികസനത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ ബാക്കി ഫണ്ട് അനുവദിക്കുന്നതില്‍ നിന്ന് ലോകബാങ്ക് പിന്‍വാങ്ങി. നേരത്തെ ഫണ്ട് റദ്ദാക്കുമെന്ന് കാണിച്ച് ലോകബാങ്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും കെഎസ്ടിപിക്കും ഇ-മെയില്‍ അയച്ചിരുന്നു. കെഎസ്ടിപി-2ന് അനുവദിച്ച ഫണ്ടില്‍ ബാക്കിയുണ്ടായിരുന്ന അമ്പതുലക്ഷം ഡോളറാണ് ജൂണ്‍ വരെ നല്‍കേണ്ടെന്ന് ലോകബാങ്ക് തീരുമാനിച്ചത്. സംസ്ഥാനത്തെ റോഡുവികസനത്തിന് അനുവദിച്ചിരുന്ന ലോകബാങ്ക് സഹായം നിര്‍ത്തലാക്കുന്നത് പൊതുമരാമത്ത് വകുപ്പിനെ വലിയ സമ്മര്‍ദ്ദത്തിലാഴ്ത്തും. കെസ്ടിപി-2 ഇക്കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചതോടെ പദ്ധതിക്ക് ബാക്കി പണം നല്‍കുന്നതില്‍ നിന്ന് തത്കാലം പിന്‍മാറിയിരിക്കുകയാണ് ലോകബാങ്ക്. കഴിഞ്ഞദിവസം അടിസ്ഥാനസൗകര്യവികസന വിദഗ്ധന്‍ ബര്‍ണാഡ് ആരിട്ടുവയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയ ജോലികള്‍ വിലയിരുത്തി. തുടര്‍ന്ന് അവര്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദ്, കെഎസ്ടിപിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചു. എന്നാല്‍ അറ്റകുറ്റ ജോലികള്‍ ചെയ്യുന്ന വിഭാഗം, തീരദേശ ഹൈവെ നിര്‍മാണം, കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമാക്കല്‍ എന്നീ പദ്ധതികള്‍ക്ക് മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ പണം അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അഭ്യര്‍ഥിച്ചു. ഇതിനോട് ലോകബാങ്ക് പ്രതിനിധികള്‍ അനുകൂലമായി പ്രതികരിച്ചെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റോഡ് നിര്‍മാണത്തിന് പണം കണ്ടെത്താന്‍ നൂതന വരുമാന മാര്‍ഗങ്ങള്‍ തേടാനും ശാസ്ത്രീയമായി റോഡുകള്‍ നിര്‍മിക്കാനും വകുപ്പിലെ ജീവനക്കാരെ രാജ്യാന്തര നിലവാരത്തിലുള്ള നിര്‍മാണരീതി സംബന്ധിച്ച് ശാസ്ത്രീയമായി പരിശീലിപ്പിക്കാനും ഉതകുന്നവിധം ഒരുകോടി ഡോളര്‍ ഫണ്ട് നല്‍കുന്നത് ആലോചിക്കാമെന്നു ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പങ്കുകൂടി ചേര്‍ത്തിട്ടുള്ളതാണ് ഈ തുക. എന്നാല്‍ റോഡുകളുടെ നിലവാരം ഉയര്‍ത്തല്‍, റോഡ് സുരക്ഷ എന്നിവയ്ക്കുള്ള ഫണ്ട് പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യില്ലെന്നും അവര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ പി.കെ. സതീശന്‍ ജന്മഭൂമിയോട് പറഞ്ഞു. കെഎസ്ടിപി ഉന്നത ഉദ്യോഗസ്ഥരുമായി ലോകബാങ്ക് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നും നടന്നുകൊണ്ടിരിക്കുന്ന ജോലികള്‍ വിലയിരുത്തിയെന്നും പരിശീലനം നല്‍കാമെന്ന ഉറപ്പു നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.